കിയയുടെ ജനപ്രിയ വാഹനങ്ങളിൽ രണ്ടാമതുള്ള കോംപാക്ട് എസ്.യു.വി സോണറ്റിന്റെ 2024 മോഡലിന്റെ വിലയും സവിശേഷതകളും കമ്പനി പുറത്തുവിട്ടു. വിവിധ വേരിയന്റുകൾക്ക് 7.99 ലക്ഷം മുതല്‍ 15.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 25,000 രൂപ മുൻകൂറായി അടച്ച് ഔദ്യോഗിക ഡീലർമാർ വഴിയും ഓണ്‍ലൈനായും ബുക്ക് ചെയ്യാം.
നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിൻ മോഡലുകള്‍ക്ക് 7.99 ലക്ഷം മുതല്‍ 9.89 ലക്ഷം രൂപ വരെയും 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 10.49 ലക്ഷം മുതല്‍ 4.69 ലക്ഷം രൂപ വരെയും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 9.79 ലക്ഷം മുതല്‍ 15.69 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
കാഴ്ചയിൽ കാര്യമായ മാറ്റം വരുത്താതെ പുതിയ ഫീച്ചറുകളുമായാണ് 2024 സോണറ്റിനെ കിയ മോട്ടോഴ്‌സ് സമ്പന്നമാക്കുന്നത്. 10 അഡാസ്, 15 റോബസ്റ്റ് ഹൈസേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടെ 25 സുരക്ഷ സംവിധാനങ്ങളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് (വി.എസ്.എം),ഡ്യുവൽ സ്ക്രീൻ കണക്റ്റഡ് പാനൽ ഡിസൈൻ, റിയർ ഡോർ സൺഷേഡ് കർട്ടൻ, ഓൾ ഡോർ പവർ വിൻഡോ, വൺടച്ച് ഓട്ടോ അപ്പ്/ഡൗൺ തുടങ്ങി 70 കണക്ടഡ് ഫീച്ചറുകളാണ് സോണറ്റിലുള്ളത്.
Read also: മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി വരുന്നു
പുതിയ ഗ്രില്ലിനും പുതിയ ബമ്പർ ഡിസൈനിനും ക്രൗൺ ജുവൽ എൽ.ഇ.ഡി ഹെഡ് ലാമ്പുകൾക്കും ആർ 16 ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾക്കുമൊപ്പം ഉയർത്തിയ മുൻഭാഗം പുതിയ സോണറ്റിന്റെ സവിശേഷതകളാണ്. ടെയ്ൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന കണക്ടഡ് എല്‍.ഇ.ഡി ലൈറ്റ് സ്ട്രിപ്പ് മറ്റൊരു സവിശേഷതയാണ്. ടെയ്ല്‍ലാമ്പുകളും എല്‍.ഇ.ഡിയിലാണ് ഒരുക്കിയിട്ടുള്ളത്. ലെയ്ന്‍ വാച്ച് കാമറകാമറ ഇരുവശങ്ങളിലെയും മിററിൽ നല്‍കിയിട്ടുണ്ട്.
വാഹനത്തിന്റെ ഉൾവശവും ഫീച്ചറുകളാൽ സമ്പന്നമാണ്. ഒരു പുതിയ നിറമുൾപ്പെടെ അഞ്ച് ഇന്റീരിയർ കളർ ഓപ്ഷനുകൾ ലഭ്യമാകും. 10.25 ഇഞ്ച് വലുപ്പത്തിലാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റവും തയാറാക്കിയിരിക്കുന്നത്. ഏത് വേരിയന്റാണെന്ന് സ്റ്റിയറിങ് വീലിൽ കാണാം. ഡാഷ്ബോര്‍ഡ് ഡിസൈന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂനിറ്റ് തുടങ്ങിയവ മാറ്റമില്ലാതെ തുടരുന്നു. ഇംഗ്ലീഷ് കമാൻഡുകളും പുതിയ സോണറ്റിൽ ഉണ്ടാകും.
Read also: റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ബൈക്കിൽ പുതിയ ഫീച്ചർ
1.0 ലിറ്റര്‍ പെട്രോള്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ നാച്വറലി ആസ്പിരേറ്റഡ്, 1.5 ലിറ്റര്‍ സി.ആര്‍.ഡി.ഐ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനിൽ സോണറ്റ് ലഭിക്കും. 19 വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. ഇവക്ക് 7 സ്പീഡ് ഡി.സി.ടി, 6 സ്പീഡ് ഐ.എം.ടി, 6 സ്പീഡ് ഓട്ടോമാറ്റിക്-മാനുവല്‍, 5 സ്പീഡ് മാനുവല്‍ എന്നിങ്ങനെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമുണ്ട്. മാനുവല്‍ മോഡല്‍ സോണറ്റില്‍ ഡീസല്‍ എന്‍ജിന്‍ ഇടം പിടിച്ചിട്ടുണ്ട്.
1.2 ലിറ്റര്‍ എന്‍.എ പെട്രോള്‍ എന്‍ജിന്‍ 83 പി.എസ് പവറും 115 എന്‍.എം ടോര്‍ക്കുമാണ് ഉൽപാദിപ്പിക്കുക. ഈ മോഡലിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കരുത്ത് കൂടുതലുണ്ടാവുക. 120 പി.എസ് പവറും 172 എന്‍.എം ടോര്‍ക്കുമാണ് ഇത് നൽകുന്നത്. 6 സ്പീഡ് എ.ടി, 7 സ്പീഡ് ഡി.സി.ടി എന്നീ മികച്ച ട്രാന്‍സ്മിഷന്‍ ഈ വാഹനത്തിലുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 116 പി.എസ് പവറും 250 എന്‍.എം ടോര്‍ക്കും നൽകും. ആറ് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക്, ആറ് സ്പീഡ് ഐ.എം.ടി എന്നിവയാണ് ഈ എന്‍ജിനൊപ്പം ചേര്‍ത്തിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു