മുത്തൂറ്റ് ഫിനാന്‍സിന് 1,009 കോടി രൂപ സംയോജിത അറ്റാദായം

google news
muthoot

കൊച്ചി: ബാങ്കിതര ധനകാര്യ സേവനദാതാക്കളായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 1,009 കോടി രൂപ സംയോജിത അറ്റാദായം നേടി. 2001-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ അറ്റാദായം 1,006 കോടി രൂപയായിരുന്നു അറ്റാദായം. 0.30 ശതമാനമാണ് ലാഭത്തിലെ വര്‍ധന.

മൂന്നാം പാദത്തിലെ 934 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ സംയോജിത ലാഭം 8 ശതമാനം കൂടിയിട്ടുണ്ട്. നാലാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം ലാഭം 903 കോടി രൂപയാണ്. ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനയോടെ 71,497 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 64,494 കോടി രൂപയായിരുന്നു.

സ്വര്‍ണ പണയ വായ്പകളില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വളര്‍ച്ചയാണ് മുത്തൂറ്റ് ഫിനാന്‍സ് രേഖപ്പെടുത്തിയത്. 51,850 കോടി രൂപയുടെ സ്വര്‍ണ പണയവായ്പകള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തു. 5,051 കോടി രൂപയുടെ വര്‍ധനയാണ് നാലാം പാദത്തില്‍ സ്വര്‍ണ പണയത്തില്‍ രേഖപ്പെടുത്തിയത്. പലിശ വരുമാനവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്, 2,677 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ സംയോജിത ലാഭം 3,670 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷം ലാഭം 4,031 കോടി രൂപയായിരുന്നു.

സ്വര്‍ണവായ്പാ വിഭാഗത്തില്‍ നേതൃസ്ഥാനം നിലനിര്‍ത്തി വിവിധ വായ്പാ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു.

ചെറുകിട ബിസിനസ് ലോണുകളും മൈക്രോ പേഴ്സണല്‍ ലോണുകളും പോലുള്ള പുതിയ വായ്പാ മേഖലകളിലേക്ക് കടന്നു. 2023-24 സാമ്പത്തിക വര്‍ഷം ഈ പുതിയ ഉല്‍പ്പന്നങ്ങളില്‍ കാലിബ്രേറ്റഡ് വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നു. സബ്സിഡിയറികളിലെ വിതരണത്തിലും ഉണര്‍വ് കാണുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

2023-24 സാമ്പത്തിക വര്‍ഷം 10-15 ശതമാനം വളര്‍ച്ചയാണ് വായ്പയില്‍ കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ ലാഭവീതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 5,838 ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്. ഇതില്‍ 259 എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചവയാണ്.

കൂടാതെ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക് ഇന്‍സ്റ്റിറ്റ്യൂട്ടി'ന്‍റെ ഏറ്റവും മികച്ച തൊഴിലിടമെന്ന അംഗീകാരവും മുത്തൂറ്റ് ഫിനാന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ട്രസ്റ്റ് റിസര്‍ച്ച് അഡ്വൈസറിയുടെ ഈ വര്‍ഷത്തെ ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബ്രാന്‍ഡ് എന്ന ബഹുമതിയും കമ്പനി സ്വന്തമാക്കി. തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് ഈ അംഗീകാരത്തിന് കമ്പനി അര്‍ഹരാകുന്നത്.

Tags