പണയപ്പെടുത്താന്‍ സ്വര്‍ണം ചോദിച്ചു; നല്‍കിയില്ല, സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി അറസ്റ്റില്‍

arrest
 

തൃശൂര്‍: സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയല്ലെന്ന കാരണത്താല്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്ന പ്രതി അറസ്റ്റില്‍. 
തൃശൂര്‍ തളിക്കുളം സ്വദേശി ഷാജിത(54) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ ഹബീബ് (52) അറസ്റ്റിലായി. ഇന്ന് രാവിലെയാണ് സംഭവം. 

കൊല്ലപ്പെട്ട ഷാജിത വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഷാജിത സ്ഥിരമായി ഓട്ടം വിളിക്കാറുള്ളയാളായിരുന്നു ഹബീബ്. രാവിലെ ഭക്ഷണം വാങ്ങി വീട്ടിലെത്തിച്ച ഹബീബ് സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ചോദിച്ചു. ഇത് ഷാജിത നിഷേധിച്ചതോടെ മൂന്ന് പവന്റെ മാല പ്രതി ബലമായി കൈവശപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സംഭവം ആദ്യം അറിയുന്നത്.  അടച്ചിട്ട വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഷാജിതയെ അവശനിലയില്‍ കണ്ടത്. 
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹബീബിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. 

അതേസമയം, സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സജിതയുടെ തട്ടിയെടുത്ത സ്വര്‍ണം പ്രതിയുടെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.