വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍, കുത്തി കൊലപ്പെടുത്തിയെന്ന് മൊഴി

housewife died
 

കൊച്ചി: എറണാകുളം കാലടി മറ്റൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സുനിതയെ കുത്തി കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് ഷൈജു പൊലീസിന് മൊഴി നല്‍കി. 

കഴിഞ്ഞദിവസമാണ് 36 കാരിയായ സുനിതയെ  വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ അയല്‍വാസികളും, ഭര്‍തൃസഹോദരനും ചേര്‍ന്ന് സുനിതയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

അതേസമയം, വീട്ടിലെ ഗോവണിയില്‍ നിന്നും വീണാണ് സുനിതക്ക് പരിക്ക് പറ്റിയതെന്നാണ് ഭര്‍ത്താവ് ഷൈജു പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍, ഷൈജുവും ഭാര്യ സുനിതയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സുനിതയുടെ നെഞ്ചിലെ ആഴത്തിലുള്ള മുറിവും സംശയത്തിന് ഇടയാക്കി. ഇതേ തുടര്‍ന്ന് ഷൈജുവിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ഷൈജു കുറ്റം സമ്മതിച്ചത്.