മുംബൈ: കോവിഡ് വാക്സിനുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് കൊവിഷീൽഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക. വ്യവസായ കാരണങ്ങളാലാണെന്നാണു വിശദീകരണം. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് ഇതു പുറത്തിറക്കിയത്.
ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന വാക്സിനുകളിലൊന്നാണ് ആസ്ട്രസെനെകെയും ഓക്സഫഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കൊവിഷീൽഡ്’ എന്ന പേരിൽ ഈ വാക്സിൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്നത്.
വാക്സിൻ ഉദ്പാദിപ്പിക്കാനുള്ള അവകാശം എല്ലാവരിൽ നിന്നും എടുത്തുമാറ്റിയ ആസ്ട്രസെനെക വാക്സിന്റെ ഉപയോഗവും തടഞ്ഞിട്ടുണ്ട്. നിലവിൽ യു.കെയിൽ 100 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാരകേസ് നേരിടുകയാണ് ആസ്ട്രസെനക.
യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ ഉടലെടുക്കുന്നത്.
ജാമി സ്കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയിൽ നൽകിയത്. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്.