കൈക്കൂലി കേസ്; വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിമാൻഡിൽ

google news
crime

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി.സുരേഷ്കുമാർ കൈക്കൂലി ലഭിക്കാതെ ഒന്നും ചെയ്യില്ലെന്ന് നാട്ടുകാർ. സുരേഷ്‌കുമാര്‍ നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയതായിട്ടാണ് ആരോപണം. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷിന്റെ കൈക്കൂലി. പതിനായിരം രൂപ വരെ ഇയാള്‍ പലരില്‍നിന്നും വാങ്ങിയെടുത്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.


കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിനെ വിജിലന്‍സ് പിടികൂടിയത്. മഞ്ചേരി സ്വദേശിയായ വിപിന്‍ ബാബുവില്‍നിന്ന് 2500 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ച വിപിന്‍ ബാബുവില്‍നിന്ന് നേരത്തെ രണ്ടുതവണ ഇയാള്‍ കൈക്കൂലി വാങ്ങി. തുടര്‍ന്നാണ് വീണ്ടും 2500 രൂപ കൂടി ആവശ്യപ്പെടുകയുണ്ടായി. ചൊവ്വാഴ്ച പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് പണം എത്തിക്കാനും നിര്‍ദേശം നല്‍കി. ഇതോടെ വിപിന്‍ ബാബു വിജിലന്‍സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം സുരേഷ് കുമാറിന്റെ കാറില്‍വെച്ച് പണം കൈമാറുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.


മണ്ണാര്‍ക്കാട്ട് സുരേഷ് താമസിക്കുന്ന വാടകമുറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 17 കിലോ നാണയങ്ങള്‍ ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് പണമായി പിടികൂടിയത്. ഇതിനുപുറമേ 71 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സമ്പാദ്യങ്ങളും കണ്ടെത്തി. ആകെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം ഇയാള്‍ക്കുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. ഇയാളുടെ സ്വദേശമായ തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും അവിടെനിന്ന് പണമോ രേഖകളോ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇന്നലെ വൈകീട്ട് ആരംഭിച്ച റെയ്ഡ് രാത്രി 8.30-നാണ് അവസാനിച്ചത്. തൊട്ടടുത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നെടുത്ത നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 

Tags