ലിവിംഗ് ടു​ഗെതർ പങ്കാളിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, പ്രതി പിടിയിൽ

google news
crime

ഹൈദരാബാദ്: ലിവിംഗ്  ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചയാള്‍ അറസ്റ്റില്‍. ബി ചന്ദ്രമോഹൻ (48) എന്നയാളാണ് പിടിയിലായതെന്ന് ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി. ഹൈദരാബാദ് സ്വദേശിയായ യെരം അനുരാധ റെഡ്ഡിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ ദിൽസുഖ്നഗർ ഏരിയയിലെ ചൈതന്യപുരി കോളനിയിലെ പ്രതിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു അനുരാധ. അനുരാധ റെഡ്ഡിയെ പ്രതി  കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് സംസ്കരിക്കാനായി മൃതദേഹം പല കഷ്ണങ്ങളാക്കിയെന്നും പൊലീസ് പറഞ്ഞു.

മാലിന്യം തള്ളുന്ന സ്ഥലത്ത് കറുത്ത കവറിൽ അജ്ഞാത സ്ത്രീയുടെ ഒരു തല കണ്ടെത്തിയതായി ജിഎച്ച്എംസി പ്രവർത്തകര്‍ പൊലീസിനെ അറിയിക്കുകയാണ് ഉണ്ടായത്. മെയ് 17നായിരുന്നു സംഭവം. എട്ട് ടീമുകളായി തിരിഞ്ഞ് പൊലീസ് കേസില്‍ അന്വേഷണം തുടങ്ങി. ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് 55കാരിയായ അനുരാധ റെഡ്ഡിയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ അടുപ്പത്തിലായിരുന്നു.

ഈ ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതി കൊല്ലപ്പെട്ട സ്ത്രീയെ വീടിന്റെ താഴത്തെ നിലയിലെ ഒരു ഭാഗത്ത് താമസിപ്പിക്കുകയും ചെയ്തു. 2018 മുതൽ പ്രതി അനുരാധ റെഡ്ഡിയില്‍ നിന്ന് വൻ തുക കൈപ്പറ്റിയിരുന്നു. ഏകദേശം ഏഴ് ലക്ഷം രൂപയാണ് പ്രതി അനുരാധയ്ക്ക് നൽകാനുള്ളത്. നിരവധി തവണ അനുരാധ ഇത് ആവശ്യപ്പെട്ടിട്ടും ചന്ദ്രമോഹൻ നല്‍കാൻ കൂട്ടാക്കിയില്ല. ഇതോടെ പണം ആവശ്യപ്പെട്ട് അനുരാധ നിരന്തരം ചന്ദ്രമോഹനെ സമ്മർദ്ദത്തിലാക്കി.

ഈ വൈരാഗ്യത്തിന് അനുരാധയെ ഒഴിവാക്കാനുള്ള പദ്ധതി തയാറാക്കിയ ചന്ദ്രമോഹൻ കൊലപാതകം നടത്തുകയായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം പ്രതി മൃതദേഹം വെട്ടിമുറിച്ച് പല കഷ്ണങ്ങളാക്കി. കൈകളും കാലുകളും വീട്ടിലെ ഫ്രിഡ്ജില്‍ വച്ച ശേഷം ബാക്കി ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് ഉപേക്ഷിക്കുകയായിരുന്നു. പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച കറുത്ത തല മൂസി നദിയുടെ സമീപം ഉപേക്ഷിച്ചു. വീടിന് സമീപം ദുർഗന്ധം പടരാതിരിക്കാൻ ഒളിപ്പിച്ച ശരീരഭാഗങ്ങളില്‍ പെര്‍ഫ്യൂം സ്പ്രേ ചെയ്യുകയും ഫിനൈല്‍ ഒഴിക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. 

Tags