സണ്‍ഡേ, മണ്‍ഡേ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിച്ചില്ല ; വിദ്യാർത്ഥിയെ അതിക്രൂരമായി തല്ലി, ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസ്. കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് ഇടയാക്കിയെന്ന് പോലീസ് പറയുന്നു.
താനെ ജില്ലയിലാണ് സംഭവം നടന്നത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്നത്. സണ്‍ഡേ, മണ്‍ഡേ തുടങ്ങിയ വാക്കുകള്‍ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിക്കാതിരുന്നതാണ് പ്രകോപനത്തിന് ഇടയാക്കി. അധ്യാപികയുടെ ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്.
ഉടന്‍ തന്നെ വീട്ടുകാര്‍ ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ മനഃപൂര്‍വ്വം ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ട്യൂഷന്‍ ടീച്ചര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.