ഏതു പ്ലസ്ടു ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും സംശയങ്ങളേറെയുണ്ട്. പ്രൊഫഷണൽ കോഴ്സുകളായ എൻജിനിയറിംഗ് മെഡിക്കൽ, കാർഷിക, വെറ്ററിനറി കോഴ്സുകൾക്കപ്പുറമുള്ള മറ്റു കോഴ്സുകളെക്കുറിച്ചറിയാനാണ് വിദ്യാർഥികൾ താൽപര്യപ്പെടുന്നത്.
സി.യു.ഇ.ടി വഴിയുള്ള ബിരുദ പ്രവേശനം- രാജ്യത്തെ 100 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി യു.ജി പ്രവേശന പരീക്ഷ നടത്തും. ഇത് CUET എന്ന പേരിലറിയപ്പെടുന്നു.
കേന്ദ്ര സർവകലാശാലകൾ, തെരെഞ്ഞെടുത്ത സംസ്ഥാന തല, ഡീംഡ്, സ്വകാര്യ സർവകലാശാലകളടക്കം 100 ഓളം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനം CUET വഴിയാണ്. 100 ഓളം സർവകലാശാലകൾ ഇതിൽ ഉൾപ്പെടുന്നു. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിലെ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി, കാസർഗോഡ് കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽ ബിരുദ പ്രവേശനം CUET വഴിയാണ്.
പരീക്ഷ മെയ് 15 മുതൽ 31 വരെ ഓൺലൈനായി നടക്കും. നോട്ടിഫിക്കേഷൻ ഫെബ്രുവരിയിൽ പുറത്തിറങ്ങും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. പരീക്ഷയിൽ ലാംഗ്വേജ്, ജനറൽ, വിഷയ പരീക്ഷകളുണ്ട്. വിഷയ പരീക്ഷയിൽ 9 വിഷയങ്ങൾ വരെ തെരഞ്ഞെടുക്കാം.
നെഗറ്റീവ് മാർകിങ് രീതി നിലവിലുണ്ട്. ആർട്സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ്, ലിബറൽ ആർട്സ്, സയൻസ് വിഷയങ്ങളിൽ 100 ലധികം ബിരുദ പ്രോഗ്രാമുകളുണ്ട്. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. www.cuet.samarth.ac.in
ഐസർ – രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിലേക്ക് – IISER ബി.എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഇതിനായി പ്രത്യേക അഭിരുചിപരീക്ഷയുണ്ട്. ISAT. സയൻസിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. രാജ്യത്ത് തിരുവനന്തപുരമടക്കം രാജ്യത്ത് ഏഴ് ഐസറുകളുണ്ട്. ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയവർക്കും ഐസറിൽ പ്രവേശനം നേടാം. ഏപ്രിൽ മാസത്തിൽ നോട്ടിഫിക്കേഷൻ പുറത്തിറങ്ങും. ജൂൺ മൂന്നാമത്തെ ആഴ്ചയിലാണ് പരീക്ഷ. www.iiseradmissions.in.
നൈസർ പ്രവേശനം- ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് – NISER ൽ ബി എസ് -എം എസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്രവേശനം അഖിലേന്ത്യ തലത്തിലുള്ള നെസ്റ്റ് -NEST പരീക്ഷയിലൂടെയാണ്. പ്ലസ് ടു സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുംബൈ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അറ്റോമിക് എനർജി സെന്ററിലെ ബേസിക് സയൻസ് യു ജി പ്രവേശനവും നെസ്റ്റ് വഴിയാണ്. www.nestexam.in
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇന്സ്ടിട്യൂട്ടിൽ സ്റ്റാറ്റിസ്റ്റിക്സ്, കണക്ക്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബി എസ് -എം എസ് പ്രോഗ്രാമുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. ഫെബ്രുവരിയിൽ വിജ്ഞാപനം പുറത്തിറങ്ങും. www.isical.ac.in
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ