ഉന്നത വിദ്യാഭ്യാസരംഗത്തു പഠനം നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയതല ഉന്നതവിദ്യാഭ്യാസ സർവേ പരമ്പരയിലെ (എഐഎസ്എച്ച്ഇ) 2021–22 വർഷത്തെ റിപ്പോർട്ട്. 2020–21 ൽ 4.14 കോടി വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ ഇതു 4.33 കോടിയായി വർധിച്ചു. പെൺകുട്ടികളുടെ എണ്ണം 2.07 കോടിയായി. മുൻ വർഷമിത് 2.01 കോടിയായിരുന്നു. 2014-15 നു ശേഷം 341 സർവകലാശാലകളും സ്വയംഭരണ ഉന്നതപഠന കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചു.
പ്രധാന കണ്ടെത്തലുകൾ
- ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾ 2021–22 ൽ 30.1 ലക്ഷം. പെൺകുട്ടികൾ 15.2 ലക്ഷം
- ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണം (ഗ്രോസ് എൻറോൾമെന്റ് റേഷ്യോ – ജിഇആർ) 28.4 ആയി ഉയർന്നു. 2014–15ൽ ഇതു 23.7.
- 2021–22 ൽ ഉന്നതപഠനം നേടിയ 78.9 ശതമാനവും ബിരുദകോഴ്സുകൾ ചെയ്യുന്നവരാണ്. 12.1 % പിജി കോഴ്സുകളിലും.
- ബിരുദതലത്തിൽ ആർട്സ് കോഴ്സുകൾക്കു 34.2 % പേരാണു പ്രവേശനം നേടിയത്. സയൻസ് 14.8%, കൊമേഴ്സ് 13.3%, എൻജിനീയറിങ് 11.8% .
- 2021–22ൽ യുജി, പിജി, പിഎച്ച്ഡി തലങ്ങളിലായി സയൻസ് മേഖലയിൽ പ്രവേശനം നേടിയതു 57.2 ലക്ഷം. ഇതിൽ 29.8 ലക്ഷം പെൺകുട്ടികളാണ്.