ഉയർന്നു വരുന്ന ഉദ്യോഗാർത്ഥികൾ മൂലം തൊഴിൽ മേഖല വലിയ മത്സരം നേരിടുന്നു. ഇപ്പോൾ എവിടെ പഠിക്കുന്നു, ഏത് കോഴ്സ് ചെയ്തു എന്നതൊക്കെ വളരെ പ്രാധാന്യമർഹിക്കുന്നു. മികച്ച സ്‌ഥാപനങ്ങളിൽനിന്ന് എംബിഎ / പിജിഡിഎം നേടുന്നവർക്ക് വളരെ ഉയർന്ന വേതനത്തോടെ മുൻകിട സ്‌ഥാപനങ്ങളിൽ ക്യാംപസ് റിക്രൂട്‌മെന്റ് വഴി നിയമനം ലഭിക്കുന്നു.
ഡൽഹി സർവകലാശാലയ്ക്കു കീഴിൽ 1954 മുതൽ പ്രവർത്തിക്കുന്ന എഫ്എംഎസിന് (ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്) ദേശീയതലത്തിൽ മികച്ച റാങ്കിങ്ങുണ്ട്. താരതമ്യേന കുറഞ്ഞ ഫീസുമാണ്. 4-സെമസ്റ്റർ എംബിഎ പ്രോഗ്രാമിൽ സെമസ്റ്റർ ഫീ 50,000 രൂപ മാത്രം. എഫ്എംഎസിൽ 2–വർഷ ഫുൾടൈം എംബിഎ പ്രവേശനത്തിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. www.fms.edu.
CAT 2023 സ്കോർ നോക്കി പ്രാഥമിക സിലക്‌ഷൻ. പക്ഷേ ഇതിന് ക്യാറ്റ് സ്കോർ വിശേഷരീതിയിലാണ് കണക്കാക്കുന്നത്. വെർബൽ എബിലിറ്റി / ഡേറ്റാ ഇന്റർപ്രട്ടേഷൻ / ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയ്ക്കു യഥാക്രമം 40 / 30 / 30 ശതമാനം വെയ്റ്റ് നൽകി റാങ്കിങ്ങിനുള്ള ക്യാറ്റ് സ്കോർ നിശ്ചയിക്കും. ഒപ്പം മറ്റു പല ഘടകങ്ങളും പരിഗണിച്ചാണ് അന്തിമ സിലക്‌ഷൻ.
ശതമാനവും വെയിറ്റും
- ക്യാറ്റ് വെയ്റ്റഡ് സ്കോർ: 50
- 10–ാം ക്ലാസ് മാർക്ക്: 10
- 12–ാം ക്ലാസ് മാർക്ക്: 10
- സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്–ചർച്ച: 10
- പ്രസംഗവൈഭവം: 5
15 പെൺകുട്ടികൾക്ക് 5 മാർക്ക് വിശേഷമായി നൽകും. ക്യാറ്റ് സ്കോറില്ലാത്തവരെ പ്രവേശനത്തിനു പരിഗണിക്കില്ല. 50% മാർക്കോടെ ബാച്‌ലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കും സൈനികരുടെ ആശ്രിതർക്കും 45% മതി. പട്ടികവിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേയുള്ളൂ. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അപേക്ഷാഫീ 1000 രൂപ; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 350 രൂപ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യമുണ്ട്. 2–വർഷ ഫുൾ–ടൈം എംബിഎക്കു പുറമേ പിഎച്ച്ഡി, എംബിഎ എക്സിക്യൂട്ടീവ്, എംബിഎ എക്സിക്യൂട്ടീവ് (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ) പ്രോഗ്രാമുകളും എഫ്എംഎസ് നടത്തുന്നുണ്ട്.