ഐശ്വര്യ റായിയെ പരാമര്‍ശിച്ച് വിവാദത്തിലായ മുന്‍ പാക് ആള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് മാപ്പ് പറഞ്ഞു

google news
ui

chungath new advt

കറാച്ചി: ടെലിവിഷന്‍ ചര്‍ച്ചയില്‍ പാകിസ്താന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ വിമര്‍ശിക്കുന്നതിനിടെ ബോളിവുഡ് നടി ഐശ്വര്യ റായിയെ പരാമര്‍ശിച്ച് വിവാദത്തിലായ മുന്‍ പാക് ആള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് മാപ്പ് പറഞ്ഞു. ‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കണമെന്നില്ല’ എന്നായിരുന്നു താരത്തിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ ക്രിക്കറ്റ താരങ്ങളും ആരാധകരും രൂക്ഷ വിമര്‍ശനവുമായ് രംഗത്തെത്തിയിരുന്നു.

ഇതോടെ താരം മാപ്പപേക്ഷയുമായി രംഗത്തെത്തി. അതൊരു നാക്കുപിഴയായിരുന്നെന്നും അവരോട് മാപ്പ് ചോദിക്കുന്നെന്നും താരം പാകിസ്താന്‍ ടെലിവിഷന്‍ ചാനലായ സമ ടി.വിയിലൂടെ പറഞ്ഞു. ‘ഞങ്ങള്‍ ക്രിക്കറ്റ് പരിശീലനത്തെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു. എനിക്ക് നാക്ക് പിഴയുണ്ടായി, ഐശ്വര്യ റായിയുടെ പേര് തെറ്റായ രീതിയില്‍ ഉപയോഗിച്ചു. ഞാന്‍ അവരോട് വ്യക്തിപരമായി ക്ഷമ ചോദിക്കുന്നു. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല’, റസാഖ് അഭിപ്രായപ്പെട്ടു.

മുന്‍ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ കൂടി പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശം. ‘പി.സി.ബിയുടെ ഉദ്ദേശ്യശുദ്ധിയെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കളിക്കുന്ന സമയത്ത് ക്യാപ്റ്റനെന്ന നിലയില്‍ വ്യക്തമായ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയുമുള്ള ആളായിരുന്നു യൂനുസ് ഖാന്‍. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതെനിക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കി. ഇവിടെയുള്ള എല്ലാവരും പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്.

സത്യത്തില്‍, മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും നമുക്ക് എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം ഭംഗിയുള്ള കുഞ്ഞ് ജനിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല’, എന്നിങ്ങനെയായിരുന്നു റസാഖിന്റെ പരാമര്‍ശം. റസാഖിന്റെ വാക്കുകള്‍ കേട്ട് അഫ്രീദിയും ഗുല്ലും പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തിരുന്നു.

മുന്‍ പാക് താരം ശുഐബ് അക്തര്‍ ഉള്‍പ്പെടെയുള്ളവര്‍ റസാഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ‘റസാഖിന്റെ അനുചിതമായ തമാശയെ അങ്ങേയറ്റം അപലപിക്കുന്നു. ഒരു സ്ത്രീയെയും ഇങ്ങനെ അപമാനിക്കരുത്’, എന്നിങ്ങനെയായിരുന്നു അക്തര്‍ പ്രതികരിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags