മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ

yy
 

മലയാളത്തിന്റെ അഭിനയ സുകൃതം മഹാ നടൻ മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യമാണ് മമ്മൂട്ടി. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 70 ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസില്‍ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ് പ്രിയപ്പെട്ട മമ്മൂക്ക. 

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

'വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലാണ്  ആദ്യം അഭിനയിക്കുന്നത്, തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് 'യവനിക'. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി. ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80-തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ദ ആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് 'അടിയൊഴുക്കുകൾ' എന്ന ചിത്രമാണ്‌. തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി. എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ്‌ സന്ധർഫം, നീർകൂത്ത്, അതിരാത്രം തുടങ്ങിയവ. 

മമ്മൂട്ടി നായകനായി 1990-ൽ പുറത്തിറങ്ങി വളരെ അധികം പരാമർഷിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രമാണ് ഒരു 'സിബിഐ ഡയറി കുറിപ്പ്'. പിന്നീട് ഇതേ പശ്ചാത്തലത്തിൽ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. എം ടി വാസുദേവൻ‌ നായരുടെ അക്ഷരങ്ങൾ, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

മലയാളത്തിലെ പ്രമുഖ ചാനലായ മലയാളം കമ്മ്യൂണിക്കേന്‍സിന്റെ രൂപികരണം മുതല്‍ മമ്മൂട്ടി ചെയര്‍മാനാണ്. കൈരളി, പീപ്പിള്‍, വി എന്നീ ചാനലുകള്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ കീഴിലുള്ളതാണ്.മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചലച്ചിത്ര നടൻ ദുൽക്കർ സൽമാൻ, സുറുമി എന്നിവർ മക്കളാണ്.