കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവരുടെ പ്രമേഹ ബാധിതയായ മകൾക്ക് ഇൻസുലിൻ പമ്പ് വാങ്ങി നൽകി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി. ഓട്ടോ ഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകൾ നന്ദന ടൈപ്പ് വൺ പ്രമേഹ ബാധിതയായ കുട്ടിയാണ്. ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരും. ഇൻസുലിൻ പമ്പ് എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുക എന്നതാണ് ഏക പരിഹാരം.
പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു. വയനാട് സന്ദർശനത്തിനിടെ നന്ദനയെയും എടുത്ത് കാണാൻ വന്ന രക്ഷിതാക്കളുടെ കണ്ണീർ കണ്ട് ‘നന്ദനക്ക് ഇൻസുലിൻ പമ്പ് ഞാൻ നൽകാം’. എന്ന് വാക്ക് പറഞ്ഞിരുന്നു. തലസ്ഥാനത്ത് ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്ററിൽ എത്തിയ നന്ദന സുരേഷ്ഗോപി വാങ്ങി നല്കിയ ‘ഇന്‍സുലിന്‍ പമ്പ്’ എന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചു .ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി.ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍ നിന്നാണ് വരുത്തിച്ചത്.
Comments