രൺബീർ കപൂറിന്റെ ലൗ രഞ്ജൻ സെറ്റിൽ തീപിടുത്തം;ഒരു മരണം

ranbir
 

രൺബീർ കപൂർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ലൗ രഞ്ജന്റെ സെറ്റിൽ തീപിടുത്തം.  മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ അന്ധേരി വെസ്റ്റിലെ ചിത്രകൂട് സ്റ്റുഡിയോയിലാണ് തീപിടിത്തം നടന്നത്. 

സംഭവത്തേത്തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. രൺബീർ കപൂറും നായിക ശ്രദ്ധാ കപൂറും തങ്ങളുടെ മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കേയാണ് തീപ്പിടിത്തമുണ്ടായത്. പത്ത് അ​ഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സിനിമയുടെ അണിയറ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഷോപ്പിൽ നിന്ന് തീ പടർന്ന് സമീപത്തുള്ള സ്റ്റുഡിയോയിലേക്ക് പടരുകയായിരുന്നുവെന്നാണ് പ്രാഥമികവിവരം. 

രൺബീറും ശ്രദ്ധയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ. ബോണി കപൂറും ഡിംപിൾ കപാഡിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2023 മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.