ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത് എന്നാണ് ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്ന ഫിറോസ് ഖാൻ . ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഫിറോസ് ഖാൻ ഇക്കാര്യം പറഞ്ഞത്.
“അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത് എന്നാണ് എന്റെ ഒരു വിലയിരുത്തൽ. ക്യാപ്റ്റൻസിയ്ക്കു വേണ്ടി ഒരുപാട് അധ്വാനമൊന്നും എടുക്കാതെ, ഭാഗ്യവശാൽ കിട്ടിയ ഒരു ക്യാപ്റ്റൻസിയാണിത്. അവിടെ പലരും അർജുനേക്കാൾ ഫിസിക്കലായും മൈൻഡ് കൊണ്ടും ഗെയിം കളിച്ചിട്ടുണ്ട്,” ഫിറോസ് ഖാൻ പറയുന്നു.
ഈ സീസണിലെ മറ്റു ചില മത്സരാർത്ഥികളെയും ഫിറോസ് ഖാൻ വിലയിരുത്തുന്നുണ്ട്. “രതീഷ്, സിജോ, അസി ഒക്കെ അടിപൊളി പ്ലെയേഴ്സ് ആണ്. അവർ കയറിവരുമെന്നാണ് എനിക്കു തോന്നുന്നത്. ശ്രീരേഖ ഒരു ഗെയിം ചേഞ്ചറായി തോന്നിയിട്ടില്ല. സിജോ ഓൾറെഡി ചെയ്തുവച്ചിരിക്കുന്ന ഒരുകാര്യം ഏറ്റുപിടിച്ചു എന്നുള്ളതേയുള്ളൂ. അല്ലാതെ എല്ലാവരും പറയും പോലെ ഗെയിം ചേഞ്ചറായി എനിക്കു തോന്നിയില്ല.”
ക്യാപ്റ്റൻസി ടാസ്കിൽ സംഭവിച്ചതെന്ത്?
ഈ സീസണിലെ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയ ആദ്യ ടാസ്ക്, ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ഫിസിക്കൽ ടാസ്കായിരുന്നു. ഹൗസിന് പുറത്ത് ഒരുക്കിയ ചെളിക്കളത്തില്‍ ഇട്ടിരിക്കുന്ന പന്തുകള്‍ കൈക്കലാക്കുക എന്നതായിരുന്നു ടാസ്ക്. കൂടുതല്‍ പന്തുകള്‍ കൈക്കലാക്കുന്ന ആൾ വിജയി.
സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബസറിന് പകരം ട്രാഫിക് സിഗ്നലിംഗിന് സമാനമായ പച്ച, മഞ്ഞ, ചുവപ്പ് ലൈറ്റിംഗും മത്സരാർത്ഥികൾക്കായി നൽകിയിരുന്നു. കളിയുടെ നിയമപ്രകാരം പച്ച കത്തുമ്പോള്‍ മത്സരാര്‍ഥികള്‍ കളത്തിലേക്ക് പ്രവേശിക്കുകയും മഞ്ഞ കത്തുമ്പോള്‍ പുറത്തിറങ്ങുകയും വേണമായിരുന്നു. ചുവപ്പ് കത്തുമ്പോള്‍ കളത്തില്‍ അവശേഷിക്കുന്നവര്‍ ഔട്ടാവും.
ഈ ടാസ്ക് ഗ്രൂപ്പ് ഗെയിമാണോ അതോ വ്യക്തിഗത ഗെയിമാണോ എന്നൊന്നും ബിഗ് ബോസ് പ്രത്യേകം എടുത്തു പറഞ്ഞിരുന്നില്ല, അതിനാൽ മത്സരാർത്ഥികൾ അവരുടെ സ്റ്റൈലിൽ ഗെയിം പ്ലാനുണ്ടാക്കിയാണ് കളിച്ചത്. സിജോയും അസി റോക്കിയും ആദ്യമേ ഗ്രൂപ്പായി മാറി. ഈ ഗ്രൂപ്പ് കളിയെ ജാസ്മിൻ ചോദ്യം ചെയ്തത് വീടിനകത്ത് വലിയ ബഹളങ്ങൾക്കും വഴിവെച്ചു.
ഗെയിമിന്റെ അവസാനഘട്ടത്തിൽ അസി റോക്കി, സിജോ, ശ്രീരേഖ, അർജുൻ എന്നിവരാണ് ശേഷിച്ചത്. ഞാൻ അസിയെ പോലെയും സിജോയെ പോലെയും ഗ്രൂപ്പായി കളിക്കുകയല്ല, ഇൻഡിവിച്വൽ ആയാണ് കളിക്കുന്നതെന്ന് ശ്രീരേഖ പ്രഖ്യാപിച്ചു. എന്നാൽ ക്ലൈമാക്സിൽ ശ്രീരേഖ അപ്രതീക്ഷിതമായൊരു മൂവ് നടത്തി. താൻ ശേഖരിച്ച ബോളുകൾ കൂടി അർജുനു കൈമാറി കളിയിൽ നിന്നും പിന്മാറി. അതോടെ ഏറ്റവും കൂടുതൽ പന്തുകൾ ലഭിച്ച ശ്രീരേഖ ടാസ്കിലെ വിജയിയാവുകയും ചെയ്തു. ടാസ്കിൽ ജയിച്ചതോടെ അർജുൻ സീസൺ ആറിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.