സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്: നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്

google news
unni mukundan

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് ഇന്ന്. വിദേശ മലയാളിയായ സ്ത്രീ നടനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയെങ്കിലും രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളി. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു.

2017ൽ സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കോഴ വാങ്ങിയെന്ന് ആരോപണവിധേയനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ് കേസിൽ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്.

2021ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ടാണ് സൈബി ജോസ് കേസിൽ സ്റ്റേ വാങ്ങിയത്. എന്നാൽ കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. 

Tags