തമിഴ് ചലച്ചിത്ര ലോകത്തു തന്റേതായ സ്ഥാനമുണ്ടാക്കിയ സംവിധായകനാണ് മിഷ്കിൻ. അഭിനയരംഗത്തും സജീവമായ മിഷ്കിൻ വ്യത്യസ്തമായ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്.
മിഷ്കിന്റെ സഹോദരൻ ജി.ആർ. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിൾ എന്ന ചിത്രമാണ് മിഷ്കിൻ ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം (പൂർണ) ആണ് ചിത്രത്തിലെ നായിക.
ഈ സിനിമയുടെ പ്രചാരണ പരിപാടിയിൽ മിഷ്കിൻ ഷംനയേക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ സഹോദരൻ ആദിത്യയുടെ സിനിമയിലേക്കുള്ള വരവിനേക്കുറിച്ച് പറയുമ്പോഴാണ് ഡെവിളിലെ നായിക ഷംനാ കാസിമിനേക്കുറിച്ചും മിഷ്കിൻ പരാമർശിച്ചത്. അഭിനയിക്കുമ്പോൾ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കൾ എന്ന് വിളിക്കുന്നത്.
പൂർണ്ണ അത്തരത്തിൽ ഒരു അഭിനേത്രിയാണ്. തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവർ. അടുത്ത ജന്മത്തിൽ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണംവരെ അവർ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. പൂർണ മറ്റുചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല.
തന്റെ ചിത്രങ്ങളിൽ പൂർണ ഉണ്ടാകുമെന്നും മിഷ്കിൻ വ്യക്തമാക്കി. മിഷ്കിന്റെ വാക്കുകൾ കേട്ട് സന്തോഷംകൊണ്ട് കണ്ണീരണിയുന്ന പൂർണയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അതേസമയം സിനിമയെ മൊത്തത്തിൽ പുകഴ്ത്തുന്ന വാക്കുകൾ മിഷ്കിനിൽ നിന്നുമുണ്ടായില്ല എന്നതും ശ്രദ്ധേയമായി. ഈ സിനിമ ശരിക്കും നല്ലതാണെങ്കിൽ മാത്രം അങ്ങനെ പറയുകയും നിങ്ങളുടെ അയൽവാസികളോട് കാണാൻ ആവശ്യപ്പെടുകയും ചെയ്യുക.
സിനിമ നല്ലതാണെങ്കിൽ മാത്രമേ തിയേറ്ററിൽ വിജയം കൈവരിക്കൂ. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ സ്വന്തം ലക്ഷ്യംകാണുന്നതിൽനിന്ന് പിന്മാറരുതെന്ന് മിഷ്കിൻ സംവിധായകൻ ആദിത്യയോട് ആവശ്യപ്പെട്ടു.
വിദാർത്ഥ്, അദിത് അരുൺ, തരിഗൺ എന്നിവരാണ് ഡെവിളിൽ മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. മിഷ്കിൻ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രംകൂടിയാണ് ഡെവിൾ. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ