‘അവസാനമ‌വസാനയാത്ര പറഞ്ഞു നീ ഇനിയും വരല്ലേ വരല്ലേ...'

nedimudi vennu

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം  മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും കോമഡി താരമായുമെല്ലാം സിനിമയിൽ നിറഞ്ഞിട്ടുള്ള അദ്ദേഹം ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുറ്റ അഭിനേതാവായാണ് കണക്കാക്കുന്നത്. നാടകത്തിലൂടെയാണ് നെടുമുടി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. തുടക്കകാലത്ത് നായകനായും പിന്നീട് ശക്തമായ ക്യാരക്റ്റർ റോളുകളിലേക്കും മാറുകയായിരുന്നു. 

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത 'തമ്പ്' എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള  അരങ്ങേറ്റം. ഭരതൻ്റെ  'ആരവം' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജൻ്റെ  ഒരിടത്തൊരു 'ഫയൽവാൻ' എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിന് വഴിയൊരുക്കി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. 

nedimudi vennu 1

ലെനിൻ രാജേന്ദ്രൻ്റെ  ആദ്യ സിനിമ ‘വേനലി’ൽ അയ്യപ്പപ്പണിക്കരുടെ കവിത ആലപിച്ച് അഭിനയിച്ച നെടുമുടി വേണുവിൻ്റെ ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. 

വെള്ളിത്തിരയിൽ അയ്യപ്പപ്പണിക്കരുടെ ‘രാത്രികൾ പകലുകൾ’ എന്ന കവിത നെടുമുടിവേണു ആലപിക്കുകയാണ്. സിനിമയിലെ കോളജ് ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ വിദ്യാർഥികളും തിയറ്ററിൽ സിനിമ കണ്ടിരിക്കുന്നവരും നിശബ്ദരായി ആ ആലാപനം ആസ്വദിച്ചു.

nedumudi vennu

ലെനിൻ രാജേന്ദ്രൻ്റെ  ആദ്യചിത്രമായ ‘വേനൽ’ എന്ന സിനിമയിലായിരുന്നു നെടുമുടിവേണുവിൻ്റെ  ഈ ആലാപനം. പിന്നീട് ക്യാംപസുകളിൽ അയ്യപ്പപ്പണിക്കരുടെ ഈ കവിത തേടിപ്പിടിച്ചു പാടി നടന്നവർ നിരവധി. ലെനിൻ രാജേന്ദ്രൻ്റെ  നിർബന്ധമായിരുന്നു ഈ കവിത നെടുമുടിവേണു ചെയ്യുന്ന കഥാപാത്രം തന്നെ പാടണമെന്നുള്ളത്. എന്നാൽ‌ പരിമിതമായ സൗകര്യങ്ങളിൽ മാത്രം തീർത്ത ചിത്രമായിരുന്നതിനാൽ ചില കടമ്പകൾ കടന്നാണ് ഈ സീൻ ഇതേ പോലെ സിനിമയിൽ ഇടംനേടിയത്.

സാധാരണ ഗതിയിൽ ആദ്യം റെക്കോർഡ് ചെയ്ത ശേഷമാണ് ഇത്തരം രംഗങ്ങൾ സിനിമയിൽ ചിത്രീകരിക്കുക. പാട്ടായാലും കവിതയായാലും അതിനനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കുക എന്ന ജോലിയെ  നടനോ നടിക്കോ ഉണ്ടാവുകയുള്ളു.

പക്ഷേ ഇവിടെ റെക്കോർഡിങ് നടന്നില്ല. അതുകൊണ്ടുതന്നെ നാലുവരി കവിത വീതം നെടുമുടി ചൊല്ലുകയും അതു പലതവണയായി ചിത്രീകരിക്കുകയുമാണ്  ലെനിൻ ചെയ്തത്. പിന്നീട് ഡയലോഗ് ഡബ്ബ് ചെയ്യുംപോലെ ഈ കവിതയും നെടുമുടി വേണു ഡബ്ബ് ചെയ്തു.

കവിതയും സീനും ഇഷ്ടപ്പെട്ട നിർമാതാക്കൾക്ക് അപ്പോ‍ൾ ഒരു പൂതി. ഈ കവിത യേശുദാസിനെക്കൊണ്ടു പാടിച്ചാലോ? അതു വേണ്ടെന്നു പറയണമെന്നു ലെനിന് ഉണ്ടായിരുന്നു. പക്ഷേ നിർമാതാക്കളെ പിണക്കാൻ ആകില്ലല്ലോ.

വിഷയം നിർമാതാക്കൾ തന്നെ യേശുദാസിനോടു പറഞ്ഞു. കവിത കേട്ട യേശുദാസ് പറഞ്ഞത് ‘ഇത് അസലായിട്ടുണ്ട്. ഞാൻ പാടിയാൽ സിനിമാപ്പാട്ടായിപ്പോകും. പിന്നെ നിർബന്ധമാണെങ്കിൽ ....’ ആ അർഥസമ്മതത്തിൻ്റെ  ബലത്തിൽ നിർമാതാക്കൾ സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസനെ സമീപിച്ചു.

പക്ഷേ അദ്ദേഹം ഒറ്റവാക്യത്തിൽ അൽപം കടുപ്പത്തിൽ പറഞ്ഞു. ‘വേണു ആലപിച്ച ഈ കവിത ആരെക്കൊണ്ടു വേണമെങ്കിലും നിങ്ങൾ പാടിപ്പിച്ചോളു. പക്ഷേ സംഗീത സംവിധാനം ഞാൻ നിർവഹിക്കില്ല’. അതോടെ നിർമാതാക്കളുടെ പിടിവാശി തീർന്നു. ലെനിൻ രാജേന്ദ്രന് ആശ്വാസവുമായി.

നെടുമുടി വേണുവിൻ്റെ  ആലാപനത്തിൽ തന്നെ ആ കവിത ചിത്രത്തിലൂടെ പ്രേക്ഷകർ കണ്ടു, കേട്ടു. ലെനിൻ രാജേന്ദ്രൻ്റെ  മരണവാർത്ത എത്തിയപ്പോഴും നെടുമുടി വേണുവിൻ്റെ  മനസിൽ നീറ്റലോടെ ഓടിയെത്തിയത് ആ കവിതയിലെതന്നെ ഹൃദയഭേദകമായ വരികളായിരുന്നു.

‘‘അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ ...

നിന്നെനിക്കേതു സ്വർഗം വിളിച്ചാലും

ഉരുകി നിന്നാത്മാവിനാഴങ്ങളിൽ വീണു

പൊലിയുമ്പോഴാണെൻ്റെ  സ്വർഗം

നിന്നിലടിയുന്നതേ നിത്യസത്യം’’