21ന് ഓപ്പൻഹൈമർ സിനിമ വരികയാണ്. ലോകം മുഴുവൻ ഉറ്റു നോക്കിയിരിക്കുന്ന സിനിമ. ക്രിസ്റ്റഫർ നോളന്റെ പുതിയ സൃഷ്ടി. ജപ്പാനിലേക്ക് സിനിമയുംകൊണ്ട് വരണ്ട എന്ന് നിരോധനാജ്ഞ വന്നുകഴിഞ്ഞു. ഒരുപക്ഷേ, ലോക സിനിമയിൽ ഇന്നും ഇനിവരും നാളുകളിലും ചർച്ചയാവാനിരിക്കുന്ന ഏറ്റവും വലിയ സിനിമയായി ഈ ചിത്രം മാറുകയാണ്.
Read More: ഇറച്ചി വെട്ടുകാരി റേച്ചൽ ആയി ഹണി റോസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ആറ്റംബോബിന്റെ പിതാവ്. ഒരു ബോംബുകൊണ്ട് ലോകത്തിന്റെ തലവര മാറ്റിവരച്ച മനുഷ്യനാണ് ഓപ്പൻഹൈമർ. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനം കുറിച്ചുകൊണ്ട് ഹിരോഷിമയിലും നാഗസാക്കിയിലും വർഷിച്ച ആ ആറ്റംബോബുകളുടെ സൃഷ്ടാവായ ഓപ്പൻഹൈമറിന്റെ കഥയാണ് നോളൻ ഇത്തവണ പറയുന്നത്. 2005ൽ പുറത്തിറങ്ങിയ ‘അമേരിക്കൻ പ്രൊമിത്യൂസ്:ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ.റോബട്ട് ഓപ്പൻഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേയ് ബേർഡും മാർടിൻ.ജെ.ഷെർവിനുമെഴുതിയ പുസ്തകത്തിന് 2006ൽ പുലിറ്റ്സർ പുരസ്കാരവും ലഭിച്ചു. വെള്ളിത്തിരയ്ക്കുവേണ്ടി ഓപ്പൻഹൈമറുടെ ജീവിതം തിരക്കഥയാക്കി മാറ്റിയെഴുതിയിരിക്കുന്നത് നോളൻ തന്നെയാണ്.
മാൻഹട്ടൻ പ്രൊജക്റ്റിന്റെ തലവനും കോഓർഡിനേറ്ററുമായിരുന്നു ഓപ്പൻ ഹൈമർ. ശാസ്ത്രവും യുദ്ധോപകരണങ്ങളും തമ്മിൽ സന്ധിച്ചത് ആറ്റംബോബിന്റെ കണ്ടുപിടിത്തത്തോടെയാണെന്നാണ് ലോകം വിശ്വസിക്കുന്നത്. ആറ്റംബോബിന്റെ നിർമിതിയിലേക്കു നയിച്ച ശാസ്ത്രജ്ഞനെന്ന നിലയിൽ ഓപ്പൻഹൈമർ പിൽക്കാലത്ത് നേരിടേണ്ടിവന്നത് വലിയ ആശങ്കകളെയാണ്. ജപ്പാനിലെ പല തലമുറകളെ പല തരത്തിൽ കുരുതി കൊടുത്ത ഹിരോഷിമ–നാഗസാക്കി സംഭവങ്ങൾ ഇന്നും ഞെട്ടലോടെ മാത്രമാണ് ലോകം കാണുന്നത്.
1945 ജൂലൈ 16ന് ആറ്റംബോബിന്റെ പരീക്ഷണസ്ഫോടനമായ ട്രിനിറ്റി ടെസ്റ്റ് കണ്ടശേഷം അദ്ദേഹം ആ അനുഭവത്തെ വിവരിച്ചത് ഭഗവത് ഗീതയിലെ ‘ദിവി സൂര്യസഹസ്രസ്യ ’ എന്നു തുടങ്ങുന്ന ചില വരികൾ ഉദ്ധരിച്ചാണ്… ആയിരം സൂര്യൻമാർ ഒരുമിച്ചു കത്തുന്നതുപോലെയായിരുന്നുവത്രേ ആ അനുഭവം. ലോകത്തെ നശിപ്പിക്കാൻ കരുത്തുള്ള മരണമായി താൻ മാറുന്നുവെന്ന തിരിച്ചറിവായിരുന്നു ഓപ്പൻഹൈമറിനുണ്ടായത്. അമേരിക്കക്ക് ഓപ്പൻഹൈമർ നായകനായി മാറിയെങ്കിൽ യുദ്ധവെറിക്കെതിരെ പോരാടുന്ന മറ്റെല്ലാ രാജ്യങ്ങളും ആ നായകനെ പ്രതിനായകനായാണ് കണ്ടത്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഓപ്പൻഹൈമറിനുശേഷമാണ് യുദ്ധമേഖലയിൽ ആണവശക്തി ചർച്ചകളിൽ പ്രധാനസംഗതിയായി മാറിയത്.
ഓപ്പൻഹൈമറിന്റെ ജീവിതം സിനിമയായി മാറുമ്പോൾ, ആ ജീവിതം നോളനെപ്പോലൊരു മികച്ച സാങ്കേതിക വിദഗ്ധൻ സിനിമയാക്കി മാറ്റുമ്പോൾ ലോകം ചർച്ച ചെയ്യുന്ന കാര്യവുമിതാണ്. പഴയകാലത്തെ വില്ലന്റെ പുതിയകാലത്ത് നായകനാക്കി മാറ്റുമോ? ഓപ്പന്ഹൈമറെന്ന വ്യക്തിയെയാണോ വെള്ളിത്തിരയിൽ കാണാൻ കഴിയുക?
ക്രിസ്റ്റഫർ നോളനാണ് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച സംവിധായകനെന്ന് വിശ്വസിക്കുന്നവരാണ് കോടിക്കണക്കിന് സിനിമാപ്രേമികൾ. നോളന്റെ ഓപ്പൻഹൈമറിന് സാങ്കേതികപരമായി അനേകം പ്രത്യേകതകളുണ്ട്. ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിച്ചാൽ മാത്രമേ മികച്ച സിനിമയുണ്ടാവൂ എന്ന തെറ്റിദ്ധാരണ ലോകമെങ്ങുമുള്ള സിനിമാസാങ്കേതികവിദഗ്ധർക്കുണ്ട്. ഒരു മൊബൈൽ ഫോൺ കൊണ്ടുപോലും സിനിമയെടുക്കാവുന്ന കാലമാണ്. എന്നാൽ കോടികൾ ചെലവഴിച്ച് സിജിഐയും ഗ്രാഫിക്സും കുത്തിനിറച്ചാലേ മികച്ച സിനിമയുണ്ടാവൂ എന്ന് സാങ്കേതികവിദഗ്ധർ തന്നെ ഇങ്ങു മലയാളസിനിമയിൽ പോലും പറഞ്ഞുപരത്തുന്നുണ്ട്. ഇതിനിടയിലാണ് ക്രിസ്റ്റഫർ നോളൻ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഓപ്പൻഹൈമർ സിനിമയിൽ സിജിഐ ഉപയോഗിച്ചിട്ടേയില്ലത്രേ!
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം