'സംവിധായകന്‍ ബാലചന്ദ്രകുമാറിനു പിന്നിൽ പ്രോസിക്യൂഷൻ'; ഡിജിപിക്ക് പരാതി നൽകി ദിലീപ്

dileep case
 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി നടൻ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ദിലീപ് പറയുന്നു. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. 

മുഖ്യമന്ത്രിയ്‌ക്ക് നടി പരാതി നൽകിയതിന് പിന്നിൽ പ്രോസിക്യൂഷനാണ്. പരാതിയ്‌ക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനുമുണ്ട്. 202-ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിന്റെ തലേദിവസമാണ് പരാതി രൂപപ്പെട്ടതെന്നും ദിലീപ് പറഞ്ഞു. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി.

കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും, കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ നടൻ വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിന്നു. ഇതിനെ തുടർന്ന് ബാലചന്ദ്രകുമാറിനെ സാക്ഷിയായി പരിഗണിച്ച് തുടരന്വോഷണം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
  
സംഭവത്തിൽ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്ന് കത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ് എത്തിയത്.