ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ് ‘ലാൽ സലാം’ എന്ന ചിത്രത്തിന് വേണ്ടി എ.ഐയുടെ സഹായത്തോടെ സംഗീത സംവിധായകൻ എ. ആർ റഹ്മാൻ ഒരുക്കിയ ഗാനം . രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനമാണ് നിർമിത ബുദ്ധിയുടെ സഹായത്തോടെ റഹ്മാൻ ഒരുക്കിയത്. 1997 ൽ അന്തരിച്ച ഷാഹുൽ ഹമീദ്, 2022 അന്തരിച്ച ബംബാ ബാക്കിയ എന്നിവരുടെ ശബ്ദം പുനഃസൃഷ്ടിച്ചാണ് പാട്ട് ഒരുക്കിയത്.
ലാൽ സലാമിലെ ഗാനം വൈറലായതിന് പിന്നാലെ ചില ചോദ്യങ്ങളും ഉയർന്നിരുന്നു. പലർക്കും അറിയേണ്ടിരുന്നത് ഗായകരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങിയോ എന്നാണ്. ഇപ്പോഴിതാ അതിന് മറുപടിയുമായി എ.ആർ റഹ്മാൻ എത്തിയിരിക്കുകയാണ്. രണ്ട് ഗായകരുടെയും കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങിയതിന് ശേഷമാണ് താൻ പാട്ടൊരുക്കിയതെന്ന് എക്സിൽ കുറിച്ചു. കൂടാതെ പ്രതിഫലം നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ബഹുമാനം, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗോട് കൂടിയാണ് റഹ്മാന്റെ വിശദീകരണം.
Read also: ആരാധകരോട് നന്ദി പറഞ്ഞ് ഷാറൂഖ് ഖാൻ
‘ഗായകരുടെ ശബ്ദത്തിന്റ അൽഗോരിതം ഉപയോഗിക്കുന്നതിനായി ഇരു കുടുംബാംഗങ്ങളിൽ നിന്നും അനുവാദം വാങ്ങിയിരുന്നു. കൂടാതെ അർഹമായ പ്രതിഫലവും നൽകി. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരിക്കലും ഭീഷണിയും ശല്യവും ആവില്ല- റഹ്മാൻ കുറിച്ചു. ഒരു കാലത്ത് എ. ആർ റഹ്മാന്റെ സ്ഥിരം ഗായകരായിരുന്നു ബംബ ബാക്കിയയും ഷാഹുൽ ഹമീദും.
ഐശ്വര്യ രജനികാന്ത് സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ സലാം.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രമെത്തുന്നത്. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ട്. ‘മൊയ്ദീൻ ഭായ്’ എന്ന കഥാപാത്രത്തെയാണ് രജഅവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയറ്ററുകളിലെത്തും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ