പരിധിവിട്ട് കടമെടുപ്പ്; കേരളത്തിന്റെ സാമ്പത്തികരംഗം തകരുമോ?

pinarayi vijayan - economics
ചരിത്രത്തിലെ ഏറ്റവും ഉയർന്ന പൊതുകടത്തിലേക്ക് കേരളം എത്തിയിട്ട് നാളുകളായി. എന്നാൽ നിലവിലെ അതെ അവസ്ഥ തുടരുന്നതായാണ് റിസർവ് ബാങ്ക് പഠന റിപ്പോർട്ട് ഇപ്പോൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ ജൂണിൽ സർക്കാർ നിയമസഭയിൽ പറഞ്ഞ കണക്ക്. എന്നാൽ, ഇത് 3.90 ലക്ഷം കോടിയായി ഉയർന്നെന്ന് ആർബിഐ റിപ്പോർട്ട് പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം. 

ഒരു സംസ്ഥാനത്തിന്റെ കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നാണ് എഫ്ആർബിഎം ആക്ട് നിർദേശിക്കുന്നത്. എന്നാൽ നിലവിൽ കേരളം 39.1 ശതമാനം എത്തുന്നതായി വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. 

kn balagopal

സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോ എന്നു വിലയിരുത്തുന്നത് കടം ജിഎസ്ഡിപിയുടെ നിശ്ചിത ശതമാനം കടന്നോ എന്നു നോക്കിയാണ്. നിലവിൽ പരിധി ലംഘിച്ചതിനാൽ സംസ്ഥാനത്തിന്റെ നില ഭദ്രമല്ല എന്ന് വേണം മനസിലാക്കാൻ.

അതേസമയം, 2018ൽ എഫ്ആർബിഎം ആക്ട് പരിഷ്കരിക്കുന്നതിനായി നിയോഗിച്ച എൻ.കെ.സിങ് സമിതിയുടെ നിർദേശ പ്രകാരം കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനത്തിൽ താഴെ നിർത്തണമെന്നാണ്. ഇതുവെച്ച് കണക്കാക്കിയാൽ നിലവിൽ കേരളം ഇതിന്റെ ഇരട്ടിയോളം വരും. 

എന്നാൽ ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. കേരളത്തേക്കാൾ ഗുരുതരാവസ്ഥയിലുള്ള മറ്റു ആറ് സംസ്ഥാനങ്ങൾ ഉണ്ട്. മിസോറം 55.7%, പഞ്ചാബ് 48.4%, നാഗാലാൻഡ് 43.5%, മേഘാലയ 41.7%, അരുണാചൽ പ്രദേശ് 41.4%, ഹിമാചൽ പ്രദേശ് 41.3% എന്നിങ്ങനെയാണ് കേരളത്തിന് മുൻപിലുള്ള മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. 

എന്നാൽ മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നുപോലും ദക്ഷിണേന്ത്യയിൽ നിന്ന് ഉള്ളത് ഇല്ല. ഇതോടെ ദക്ഷിണേന്ത്യയിൽ നിന്ന് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. കേരളത്തിന് പുറമെ തമിഴ്‌നാട് മാത്രമാണ് പരിധി ലംഘിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനം. തമിഴ്നാട് 32%, കർണാടക 23.4%, ആന്ധ്ര 33%, പുതുച്ചേരി 32.2%, തെലങ്കാന 28.2% എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കടഭാരം.

economy

കേരളത്തിന്റെ കാര്യമെടുത്താൽ 2012 മുതൽ 2016 വരെയുള്ള ആശ്വാസകാലം കഴിഞ്ഞാൽ ഇപ്പോഴാണ് കടം ഏറ്റവും കൂടുതൽ എത്തിയത്. ഈ 5 വർഷവും 30 ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിന്റെ കടം. 2012ൽ ഇത് 26 ശതമാനം വരെതാഴുകയും ചെയ്തു.  

സാമ്പത്തികമായി ഇപ്പോഴും സന്തുലിതാവസ്ഥയിൽ എത്താൻ കഴിയാത്ത സംസ്ഥാനത്തിന് വരും നാളുകളിൽ കൂടി കടമെടുപ്പ് തുടരേണ്ടി വരുമെന്നാണ് വിദഗ്ദർ പറയുന്നത്.  സംസ്ഥാന മൊത്ത ആഭ്യന്തര ഉത്‌പാദനം വര്ധിപ്പിക്കാതെ കടമെടുപ്പ് തുടർന്നാൽ അത് കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങും. പരിധിക്കപ്പുറത്തേക്ക് കടമെടുക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ശമ്പളവിതരണം ഉൾപ്പെടെ താറുമാറാകും