×

'ഞെട്ടി' യവര്‍ക്കെല്ലാം 'കിട്ടി' മോദിക്കൊപ്പം ഫുഡ്: കഥ പോലൊരു ഉച്ചയൂണ്

google news
.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പിരിയുമെന്നാണ് എല്ലാ അംഗങ്ങളും കരുതിയിരുന്നത്. എന്നാല്‍, ഒരു പ്രതീക്ഷയ്ക്കും വക നല്‍കാത്ത വിധം പ്രധാനമന്ത്രി തന്റെ രാഷ്ട്രീയവും സര്‍ക്കാര്‍ നിലപാടുകളും മാറ്റിവെച്ച് പ്രതിപക്ഷത്തെ കുറച്ചു പാര്‍ലമെന്റ് സാമാജികരെ ഞെട്ടിച്ചു. ആ ഞെട്ടലില്‍പ്പെട്ടവരില്‍ കേരളത്തിലെ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം എന്‍.കെ. പ്രേമചന്ദ്രന് ലഭിച്ചത്. 

.

അതിന്റെ ഞെട്ടല്‍ വിട്ടു മാറാത്ത പ്രതിപക്ഷത്തെ ആറ് എം.പിമാരും പ്രേമചന്ദ്രനൊപ്പമുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വരുന്നത്. ഡല്‍ഹിയിലുണ്ടെങ്കില്‍ വേഗത്തില്‍ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തണമെന്നായിരുന്നു ഫോണില്‍ ലഭിച്ച സന്ദേശം. കാര്യമെന്താണെന്നറിയാതെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പാഞ്ഞുചെന്നു. പുതിയ പാര്‍ലമെന്റ് മന്ദിരമായ സെന്‍ട്രല്‍ വിസ്തയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ കേന്ദ്രമന്ത്രി എല്‍. മുരുകനും, വിവിധ പാര്‍ട്ടികളിലെ മറ്റ് ആറ് എം.പിമാരും തനിക്കു മുന്നേ സന്നിഹിതരാണ്. 

.

എല്ലാവരും പരസ്പരം അന്തംവിട്ടു നോക്കി നില്‍ക്കുമ്പോള്‍, അല്‍പ്പ സമയം കഴിഞ്ഞ് പ്രധാനമന്ത്രി തന്റെ കാബിനില്‍ നിന്ന് മെല്ലെ പുറത്തു വന്നു. കൈ കൂപ്പിക്കൊണ്ട് അടുത്തെത്തിയ പ്രധാനമന്ത്രി ചെറു ചിരിയോടെ ഹിന്ദിയില്‍ അവരോട് പറഞ്ഞത് ഇതാണ്, 'ഞാന്‍ ഇന്നു നിങ്ങളെ ശിക്ഷിക്കാന്‍ പോവുകയാണ്' എന്ന്. ഇതുകേട്ടു നിന്നവരെല്ലാം ഒരു നിമിഷം ശ്വാസം കിട്ടാത്ത അവസ്ഥയില്‍ പകച്ചു പോയി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇറങ്ങി ഓടാനായിരുന്നു പ്രേമചന്ദ്രന്‍ എം.പിക്കു തോന്നിയതെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. 

.

കാരണം, ഇത്രയും കാലമായി പാര്‍ലമെന്റ് സമ്മേളന കാലത്തും, അല്ലാത്തപ്പോഴും തന്നെ പ്രത്യേകമായി കാണണമെന്ന ആവശ്യമോ നിര്‍ദ്ദേശമോ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുണ്ടായിട്ടില്ല. ഇതിപ്പോ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല, പ്രധാനമന്ത്രി പറയുന്നത്, ശിക്ഷിക്കാന്‍ പോകുന്നുവെന്നും. ചിന്തകള്‍ കാടുകേറുമ്പോള്‍ പ്രധാനമന്ത്രി ലിഫ്റ്റിലേക്ക് നടന്നു. കൂടെ, എംഎ.പിമാരും. ഒന്നാം നിലയിലെ എം.പിമാരുടെ കാന്റീനിലേക്കായിരുന്നു ആ യാത്ര ചെന്നു നിന്നത്. 

.

അവിടെ ഒരു മേശ പ്രത്യേകം മാറ്റിയിട്ടിരിക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് എംപിമാരും അദ്ഭുതത്തോടെ നോക്കി. പ്രധാനമന്ത്രിയെ കണ്ട് എണീക്കാന്‍ ശ്രമിച്ചവരെയും അദ്ഭുതത്തോടെ നോക്കിയവരോടുമായി അദ്ദേഹം പറഞ്ഞു. 'ഞാന്‍ ആദ്യമായാണ് ഈ കാന്റീനില്‍ വരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി.'' ഇസഡ് കാറ്റഗറി സെക്യൂരിറ്റിയോ, അകമ്പടി സേവകരോ ഒന്നുമില്ലാതെ എം.പിമാര്‍ക്കൊപ്പം 
സാധാരണ മട്ടിലായിരുന്നു മോദിയുടെ ഇടപെടലുകള്‍. 

.

അദ്ദേഹം തന്റെ ഭക്ഷണ ശീലവും ദിനചര്യവും എം.പിമാരോട് പറഞ്ഞു. രാവിലെയും ഉച്ചയ്ക്കും ലളിതമായി ഭക്ഷണം. സൂര്യാസ്തമയത്തിനു ശേഷം ഭക്ഷണം കഴിക്കില്ല. മൂന്നര മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങില്ല. രാവിലെ കൃത്യമായി യോഗ ചെയ്യും. അത് വിമാനയാത്രയിലായാലും മുടക്കം വരുത്തില്ല. 2015ല്‍ അന്നത്തെ പാകക്കിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ചെന്നതും, നേപ്പാളില്‍ ഭൂകമ്പമുണ്ടായ വിവരം അവിടത്തെ പ്രധാനമന്ത്രിയെ വിളിച്ചറിയിച്ചതും, ഭൂകമ്പം തകര്‍ത്ത ഗുജറാത്തിലെ കച്ച് പിന്നീട് തിരക്കുള്ള വിനോദ സഞ്ചാര കേന്ദ്രമായി മാറിയതും, അഫ്ഗാനിസ്ഥാന്‍ യാത്രയുമെല്ലാം അദ്ദേഹം ഭക്ഷണം കഴിക്കുന്നതിനിടയില്‍ എം.പിമാരുമായി പങ്കുവെച്ചു. 

.

45 മിനിറ്റോളം എം.പിമാര്‍ക്കൊപ്പം ചെലവഴിച്ചു. ഒരു സാധാരണക്കാരനെപ്പോലെയാണ് പ്രധാനമന്ത്രി പെരുമാറിയതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഓര്‍ത്തെടുക്കുന്നു. വിവിധ പാര്‍ട്ടികളിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും നിന്നുള്ള പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ആസ്വദിച്ചെന്ന് മോദി പിന്നീട് എക്സില്‍ കുറിക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ രാജ്യം എത്തി നില്‍ക്കുമ്പോള്‍ പാര്‍ലമെന്റ് സമ്മേളന കാലത്തെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു സംഭവമായിരിക്കും ഈ ഉച്ച ഊണെന്നും പ്രേമചന്ദ്രന്‍ എം.പി പറയുന്നു. 

.

അതേസമയം വളരെ ചുരുക്കം എം.പി.മാരെ പ്രധാനമന്ത്രി പ്രത്യേകം കണ്ടതില്‍ രാഷ്ട്രീയ നീക്കമുണ്ടോ എന്ന സംശയം തള്ളിക്കളയുന്നില്ല. കേരളത്തില്‍ പ്രേമചന്ദ്രന്റെ സ്വാധീനവും ഭാഷാ പ്രയോഗവും മോദിയെ ആകര്‍ഷിച്ചിട്ടുണ്ടാകണം. ഇങ്ങനെയൊരാള്‍ ബി.ജെ.പിയില്‍ ഉണ്ടായാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതില്‍ കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന കണക്കു കൂട്ടലുണ്ടോയെന്നും പ്രതിപക്ഷം ചിന്തിക്കുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags