തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണത്തിന് മൂന്ന് വർഷത്തിനിടെ ചെലവഴിച്ചത് 1.80 കോടി രൂപ. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്ക് 4.40 ലക്ഷവും ചെലവാക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
ചാണകക്കുഴി നിർമാണത്തിന് 2023 ജനുവരി 16നായിരുന്നു ടെണ്ടർ ക്ഷണിച്ചത്. 3.72 ലക്ഷത്തിനാണ് ടെണ്ടർ ക്ഷണിച്ചിരുന്നത്. ജി.എസ് സുരേഷ് കുമാർ എന്ന കോൺട്രാക്ടർ ആയിരുന്നു ചാണകക്കുഴി നിർമിച്ചത്. എന്നാൽ പണി പൂർത്തിയായപ്പോൾ ടെണ്ടർ തുകയേക്കാൾ 68,000 രൂപ അധികം ചെലവായി.
സെക്യൂരിറ്റി ഗാർഡ് റൂം നിർമിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്, 98 ലക്ഷം രൂപ. ലിഫ്റ്റ് വെക്കാൻ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോൾ പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും ചെലവായി. 12 ലക്ഷമാണ് ക്ലിഫ് ഹൗസിലെ പെയിന്റിങ് ചെലവ്. രണ്ട് തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം ചെലവായി.