സ്വവർഗ വിവാഹം - ഭരണഘടന ബെഞ്ച് മുമ്പാകെ!

 Same-sex marriage - before the Constitution Bench!

സ്വവർഗ (homosexual/same-sex) വിവാഹത്തിന് നിയമാധുത തേടിയുള്ള 19-ഓളം കേസുകൾ സുപ്രീം കോടതിയിൽ ഭരണഘന ബെഞ്ചിൻ്റെ കീഴിൽ ഏപ്രിൽ 18 മുതൽ വാദം തുടങ്ങാൻ പോകുന്നു. ഹൈക്കോടതിയിൽ നൽകിയ നിവേദനങ്ങളും സുപ്രീം കോടതിയിലേക്ക് മാറ്റിയിരുന്നു. ഇവയിൽ തന്നെ ആദ്യം കേസ് ഫയൽ ചെയ്തത് കേരളത്തിൽ നിന്നുള്ള നികേഷ്-സോനു ദമ്പതികളാണ്. 

 

എന്താണിതിൻ്റെ പ്രസക്തി? 

 

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുവാൻ നിലവിൽ ഉള്ള ഭരണഘടനാ നിയമങ്ങൾ നിർവചിക്കാമോ എന്ന് കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുകയും വിധി പറയുകയും ചെയ്യും. കേന്ദ്ര സർക്കാരിൻ്റെ "സംസ്കാർ" ന്യായങ്ങൾ സുപ്രീം കോടതി മുഖവിലക്കെടുത്തില്ല എന്ന് സാരം. 

ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തിൻ്റെ കീഴിൽ വരുമ്പോൾ ന്യൂനപക്ഷ അവകാശങ്ങൾ, പല രാജ്യങ്ങളിലും നീതിന്യായ കോടതി മുഖാന്തരം നൽകപ്പെട്ടവയാണ്. ഇങ്ങനെ ഉള്ള മുന്നേറ്റങ്ങളിലൂടെയാണ് സമൂഹത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് സ്വീകാര്യത ലഭിക്കുക.

എന്താണ് കോടതിക്ക് മുന്നിലുള്ള ചോദ്യം? 

സ്വവർഗ ദമ്പതികൾക്ക് സ്പെഷ്യൽ വിവാഹ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ വിവാഹബന്ധം നിയമപരമായി അനുവദിക്കുന്ന തരത്തിൽ ഭരണഘടന വ്യാഖ്യാനിക്കാമോ അല്ലയോ എന്നതാണ്. കോടതിയിൽ ഉള്ള നിവേദങ്ങളിൽ 19-ൽ രണ്ട് ഒഴികെ എല്ലാം സ്പെഷ്യൽ വിവാഹ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. ഒരെണ്ണം വീതം ഫോറിൻ, ഹിന്ദു നിയമങ്ങളുടെ അടിസ്ഥാനത്തിലും. 

സ്വവർഗ വിവാഹം മതം-സമൂഹം നിഷ്കർഷിക്കുന്ന സംസ്കാരത്തിൽ ചേരാത്തതെന്ന് കേന്ദ്രം.

ഇന്ത്യയിൽ വിവാഹ നിയമങ്ങൾ രണ്ടു തരത്തിൽ ഉണ്ടെന്ന് വ്യാഖ്യാനിക്കാം. മതങ്ങളെ മുൻനിർത്തി ഉള്ളവയും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം തുടങ്ങിയ മതം തിരിച്ച് ഉള്ള വിവാഹ/വ്യക്തി നിയമങ്ങളും) ജാതി മത ഭേദമെന്യേ ഉള്ള സ്പെഷ്യൽ വിവാഹ നിയമവും. മത ജാതി സമൂഹത്തിൻ്റെ ചിന്തകളെ തച്ചുടച്ചല്ലെ സ്പെഷ്യൽ വിവാഹ നിയമം കൊണ്ടുവന്നതും?

സ്പെഷ്യൽ വിവാഹ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് സുപ്രധാന വാദം. സ്പെഷ്യൽ വിവാഹ നിയമത്തിൽ സ്വവർഗ വിവാഹം ഉൾപ്പെടുത്തുമ്പോൾ മതപരമായ വ്യക്തിനിയമങ്ങളിൽ ഒരു മാറ്റവും വരുന്നില്ല. ലളിതമായി പറഞ്ഞാൽ, സ്പെഷ്യൽ വിവാഹ നിയമം പോലുള്ള ഒരു മതേതര നിയമത്തെക്കുറിച്ച് മതപരമായി വാദിക്കുന്നതിൽ കഴമ്പില്ല.

സ്പെഷ്യൽ വിവാഹ നിയമത്തിൻ്റെ വാക്കുകൾ

സ്പെഷ്യൽ വിവാഹ നിയമത്തിൽ രണ്ടു വ്യക്തികൾ എന്നെ ഉള്ളൂ, പിന്നെ പുരുഷന് 21 വയസ്സ്, സ്ത്രീക്ക് 18 വയസ്സ് തികഞ്ഞിരിക്കണമെന്നും നിഷ്കർഷിക്കുന്നു. ഈ "രണ്ടു വ്യക്തികൾ" ഒരേ ലിംഗത്തിൽ പെട്ടവ വയസ്സ് തികഞ്ഞവർ ആണെന്ന് നിർവചിച്ചാൽ, കോടതിക്ക് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാം.

കേന്ദ്രം: വിവാഹം മൗലികാവകാശം അല്ല, വിവാഹം കഴിക്കാത്തതിനാൽ വിവേചനമില്ല.

ഹല്ലാ, അപ്പോഴെന്തിനാണ് സ്പെഷ്യൽ വിവാഹ നിയമം? ജാതി മത ഭേദമെന്യേ എതിർലൈംഗികർക്ക് (heterosexuals) വിവേചനം ഇല്ലാതെ വിവാഹം ആവാം. ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും നില നിർത്തിയാൽ പല ജാതിയിൽ നിന്നുള്ളവർ തമ്മിൽ ഹിന്ദു വിവാഹ നിയമത്തിൽ ഒരേ പോലെ ഉൾപ്പെടുത്തിയിട്ടുള്ളത്, മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ എന്തിന്? ഇന്നും വിവിധ ജാതി മതത്തിൽ പെട്ട ദമ്പതികൾക്ക് അവരുടെ സ്വന്തം ബന്ധുക്കളിൽ നിന്നു തന്നെ സംരക്ഷണം നൽകേണ്ടി വരുന്നുണ്ട്. 

സ്വവർഗ ദമ്പതികൾക്ക് മറ്റു എതിർലിംഗ ദമ്പതികളെ പോലെ അവകാശങ്ങൾ നൽകാത്തത് വിവേചനം തന്നെയാണ്, കൂടാതെ മനുഷ്യാവകാശ ലംഘനമാണ്. 

കോടതിയുടെ വേറെ പരാമർശങ്ങൾ? 

ദത്തെടുക്കൽ അടക്കം മറ്റു നിയമത്തിൽ മാറ്റം വരും എന്നും, സ്വവർഗ ദമ്പതികളുടെ കുട്ടികളുടെ കാര്യമടക്കം വിശദമായി പാർലമെൻ്റിൽ ചർച്ചചെയ്യപ്പെടണമെന്നും കേന്ദ്രം വാദിച്ചു. സ്വവർഗ ദമ്പതികളുടെ കുട്ടികൾ സ്വവർഗാനുരാഗികളാകും എന്നതിൽ ഒരു അടിസ്ഥാനവുമില്ല എന്ന് കോടതി ചീഫ് ജസ്റ്റിസ് മറുപടി നൽകി. 

മറ്റുള്ളവരുടെ പരാമർശങ്ങൾ

കേന്ദ്ര നിയമ മന്ത്രി, ആർഎസ്എസ് സെക്രട്ടറി, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്, വിവിധ ക്രിസ്ത്യൻ സഭകൾ, തീവ്ര വലതുപക്ഷ ഹിന്ദു പ്രമുഖരും മറ്റും കേന്ദ്ര സർക്കാരിൻ്റെ നിയമത്തെ നേരിട്ടും അല്ലാതെയും സ്വാഗതം ചെയ്തു. 

കോൺഗ്രസ്സിൽ നിന്നും ശശി തരൂർ, മനിഷ് തിവാരി, അഭിഷേക് സിങ്വി, തൃണമൂൽ കോൺഗ്രസ്സിൽ നിന്നും ഡെറക് ഒബ്രിയൻ, തുടങ്ങിയവർ സ്വവർഗ വിവാഹത്തെ വ്യക്തിപരമായി പിന്തുണച്ചു. കോൺഗ്രസ്സ് പാർട്ടിയുടെ നയം സ്വവർഗ വിവാഹം എന്ന വിഷയത്തിൽ ഇതുവരെ വ്യക്തമല്ല. എന്നിരുന്നാലും സമീപ ചരിത്രത്തിൽ ക്വിയർ സമൂഹത്തിന് പൊതുവേ പിന്തുണക്കുന്ന നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രത്യാശ നൽകുന്നു. ലെഫ്റ്റ് ബ്ലോക്കിൻ്റെ പൂർണ പിന്തുണ വൃന്ദ കാരാട്ട് ഉറപ്പ് നൽകി. മറ്റ് പാർട്ടികളിലെ നേതാക്കൾ അഭിപ്രായം പറയുന്നതിൽ നിന്നും വിട്ടു നിന്നു. അതായത് ഭൂരിപക്ഷ പാർട്ടികളും ശ്രദ്ധയോടെ മാത്രമേ ഈ വിഷയത്തെ സമീപിക്കുക, വോട്ട് എല്ലാവർക്കും പ്രധാനം തന്നെ. 

വീണ്ടും വരുമോ 69 ദിന വിധി!

സ്വവർഗരതി കൂടാതെ എതിർലൈംഗികർ ഉൾപെടെ ആസ്വദിക്കുന്ന ഗുദരതി, വദനസുരതം തുടങ്ങിയവയും ഐപിസി 377 പ്രകാരം കുറ്റമായിരുന്നു എന്ന് വ്യാഖ്യാനമുണ്ട്. ഇവ എല്ലാം തന്നെ കുറ്റവിമുക്തമാക്കിയ വിധി പറഞ്ഞത് 6/9 എന്ന (6 സെപ്റ്റംബർ) ദിനത്തിലാണെന്നത് കോടതിയുടെ തമാശയോ പ്രതീകാത്മകതയോ ആവാം. 

വിധിയുടെ ആഘാതങ്ങൾ

ഇന്ത്യയുടെ പരമോന്നത നീതി പീഠം അനുകൂല വിധിയിലൂടെ ലോകത്തെ അഞ്ചിലൊരു ക്വിയർ വ്യക്തികളുടെ ജീവിതം മാറ്റിമറിക്കും. മനുഷ്യാവകാശ നേട്ടങ്ങളിൽ ഇന്ത്യയുടെ യശസ്സുയർത്തുകയും, ഏഷ്യൻ രാജ്യങ്ങളിൽ ക്വിയർ സമൂഹത്തിൻ്റെ പോരാട്ടങ്ങളിൽ കരുത്ത് പകരുകയും ചെയ്യും. 

വാൽക്കഷ്ണം: സംസ്കാരം മുൻനിർത്തി സ്വവർഗ വിവാഹത്തിന് എതിർ പറയുന്ന, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനെയും, ക്വിയർ വ്യക്തികളെയും ലിബറൽ, അർബൻ നക്സൽ എന്നും മറ്റും വിളിക്കുന്ന രാഹുൽ ഈശ്വരിൻ്റെ സ്വജാതിയിൽ പെടാത്ത ഭാര്യക്ക്, ഇല്ലത്ത്, സംബന്ധത്തിൽ കവിഞ്ഞ അവകാശങ്ങൾ കല്പിച്ച് നൽകിയത് ലിബറൽ ആശയങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് കൊണ്ടുമാത്രമാണ്. 

ക്വിയർ മലയാളി.