ലോക ഹെപ്പറ്റൈറ്റിസ് ദിനം ;ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

july28
 

ഇന്ന്  ലോക ഹെപ്പറ്റൈറ്റിസ് ദിനമാണ്.ലോകമാകെ പടർന്നു പിടിച്ച് ദശലക്ഷക്കണക്കിന് ആളുകളെ കരൾ രോഗികളാക്കി മാറ്റുന്ന രോഗമാണിത്. ഹെപ്പറ്റൈറ്റിസ് - ബി പോലുള്ള രോഗം ഉണ്ടെന്ന് രോഗി തിരിച്ചറിയുമ്പോഴേക്കും പലപ്പോഴും അത് സങ്കീർണ്ണമായി തീർന്നിരിക്കും. രോഗബാധ തിരിച്ചറിയാൻ വൈകുന്നത് പെട്ടെന്നുള്ള ജീവഹാനിയിലേക്ക് എത്തിക്കുകയും ചെയ്യും.

'ഹെപ്പറ്റൈറ്റിസ് പരിചരണം നിങ്ങളിലേക്ക് അടുപ്പിക്കുക' എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.
പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്. രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ദിനാചരണം. 

ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇ വരെയുള്ള അഞ്ചു തരം വൈറസുകളാണ് ഹെപ്പറ്റൈറ്റിസ് രോഗത്തിനു കാരണമാകുന്നത്. എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളില്‍ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാല്‍ ബി, സി വിഭാഗത്തിലുള്ള വൈറസുകൾ  കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമായതാണ്.

പനി, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ശക്തമായ ക്ഷീണം, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞ നിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍. ഒപ്പം ഉന്മേഷക്കുറവും മല-മൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീര ഭാരം പെട്ടെന്ന് കുറയുന്നതും മറ്റു ചില ലക്ഷണങ്ങളാകുന്നു.  

മഞ്ഞപ്പിത്തം വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. വ്യക്തി ശുചിത്വം ആണ് ഇതില്‍ പ്രധാനം. പതിവായി  പുറത്തുനിന്ന്  ആഹാരം കഴിക്കേണ്ടി വരുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. .

 ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.
 തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.കരള്‍രോഗം മൂര്‍ച്ഛിച്ചാല്‍ വിശപ്പു കുറയും. മെലിയും. ഇടവിട്ട് അല്‍പാല്‍പമായി ഭക്ഷണം കഴിക്കണം. സിറോസിസ് രോഗികളില്‍ ആല്‍ബുമിന്റെ അളവ് കുറയും. ഇവര്‍ മുട്ടയുടെ വെള്ള കഴിക്കുന്നതു നല്ലതാണ്.

 ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ ഡി തീര്‍ത്തും ഇല്ലാതാക്കാനുള്ള പ്രതിരോധ കുത്തിവയ്പ് കേരളത്തിനകത്തും പുറത്തും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവ സൗജന്യവുമാണ്.