നിഷ്ക്കളങ്കമായ ബാല്യത്തില്‍നിന്നും ആകുലതകള്‍ നിറഞ്ഞ കൗമാരത്തിലേക്കുള്ള യാത്രയുടെ ആദ്യപടി. ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളുടെ കാലഘട്ടം.ഈ ഘട്ടത്തില്‍ അമ്മയായിരിക്കണം പെണ്‍കുട്ടിയുടെ തണലും, മാര്‍ഗദര്‍ശിയും. സ്വയം തിരിച്ചറിയലിന്റെയും വ്യക്തിത്വവികസനത്തിന്റെയും സൗഹൃദങ്ങളുടെയും കാലഘട്ടംകുടിയാണ് കൗമാരം.
സ്വന്തം ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും കുട്ടികള്‍ ഏറ്റവും ബോധവതികളായിത്തീരുന്ന ഘട്ടം. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അത്ഭുതവും, ആശങ്കയും അവരില്‍ ജനിപ്പിച്ചേക്കാം. ആര്‍ത്തവമാണ് അവയില്‍ പ്രധാനം. ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തം പോകുന്നതുമൂലം ശരീരത്തിന് വിളര്‍ച്ച അനുഭവപ്പെടാം.
ഇരുമ്പിന്റെ അംശം കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങള്‍ കഴിക്കാന്‍ ഇത്തരം സാഹചര്യത്തില്‍ ശ്രദ്ധിക്കണം. ശര്‍ക്കരയിലും ഈന്തപ്പഴത്തിലും ഇലക്കറികളിലും കരളിലും ഉണക്കമുന്തിരിയിലും ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. ഇവ വളരെ ഉയര്‍ന്ന അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കാല്‍സ്യവും, ഇരുമ്പും, പ്രോട്ടീനും, വിറ്റമിനുകളും കൃത്യമായ അളവില്‍ ശരീരത്തിന് ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യസംരക്ഷണത്തിന് ശക്തമായ അടിത്തറയിടുന്നത് കൗമാരകാലഘട്ടമാണ്. കുട്ടികള്‍ വളരെ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന പ്രായമാണ് 12 മുതല്‍ 18 വയസുവരെ.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെക്കാള്‍ പുറത്തുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനായിരിക്കും കൗമാരത്തില്‍ കൂടുതല്‍ പേര്‍ക്കും താല്പര്യം. ഭക്ഷണത്തിന്റെ കാര്യത്തിലായിരിക്കും ഈ പ്രായത്തില്‍ കുട്ടികള്‍ അമ്മമാരോട് ഏറ്റവും അധികം വഴക്കിടുന്നത്. വീടിനുള്ളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാകരുത് അവരുടെ ലോകം. സുഹൃത്തുക്കളോടൊപ്പം വീടിനു പുറത്തുപോയി കളിക്കാന്‍ അവരെ അനുവദിക്കണം.