ഫിൽറ്റർ കോഫിയുടെ രുചിക്ക് പിന്നിൽ..

google news
coffie

എക്‌സ്പ്രസോ, ഫ്രഞ്ച് പ്രസ്, കാപ്പുച്ചീനോ, ചാന്നി പ്രസ് അങ്ങനെ തുടങ്ങി നിരവധി വൈവിധ്യങ്ങളുള്ള ജനപ്രിയ പാനീയമാണ് കോഫി. ഇന്ത്യയിലെ കോഫിപ്രേമികള്‍ക്ക് എന്നും തങ്ങളുടെ ഇഷ്ട്ട പാനീയം   'ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫി' തന്നെയായിരിക്കും. പല കാലഘട്ടങ്ങളിലായി വ്യത്യസ്തതരം കോഫികളുമായി പല ഫാന്‍സി കഫേകളും എത്തിയെങ്കിലും, ഒട്ടേറെ കോഫി ശൃഖലകള്‍ രൂപപ്പെട്ടെങ്കിലും ഇന്ത്യക്കാരുടെ 'പ്രിയപ്പെട്ട കോഫി' എന്നും ക്ലാസിക് ഫില്‍റ്റര്‍ കോഫി തന്നെയായിരിക്കും.


ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫി വ്യത്യസ്തമാകുന്നത്


സാധാരണ കാപ്പികളില്‍ നിന്നും ഫില്‍റ്റര്‍ കോഫിയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം അതിനുപയോഗിക്കുന്ന കാപ്പിപ്പൊടിയാണ്. അറബിക്കാ ചെടിയില്‍ നിന്നുള്ള ശുദ്ധമായ കാപ്പിക്കുരുവാണ് ദക്ഷിണേന്ത്യന്‍ ഫില്‍റ്റര്‍ കോഫിയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇത് നന്നായി വറുത്ത് പൊടിച്ച് 90:10 അല്ലെങ്കില്‍ 80:20 എന്ന അനുപാതത്തില്‍ ചിക്കറിയുമായി യോജിപ്പിച്ചാണ് ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. കാപ്പിയ്ക്ക് നല്ല മണവും സ്വാദും ലഭിക്കുന്നതിനുവേണ്ടിയാണിത്. അതിനാല്‍, സാധാരണ കാപ്പിപ്പൊടിയോ ഇന്‍സ്റ്റന്റ് കാപ്പിപ്പൊടിയോ ഉപയോഗിച്ച് ഫില്‍റ്റര്‍ കോഫി ഉണ്ടാക്കാന്‍ ശ്രമിക്കരുത്. രണ്ടാമത്തേത് കാപ്പി ഉണ്ടാക്കുന്ന വിധമാണ്. കൂടുതലും കാപ്പികള്‍ ഉണ്ടാക്കുമ്പോള്‍ വെള്ളത്തില്‍ കാപ്പിപ്പൊടി ഇട്ട് തിളപ്പിക്കുകയാണ് പതിവ്. അല്ലെങ്കില്‍ തിളച്ച വെള്ളത്തിലേക്ക് കാപ്പിപ്പൊടി ചേര്‍ക്കും. എന്നാല്‍, ഫില്‍റ്റര്‍ കോഫി തയ്യാറാക്കുന്നത് കാപ്പിപ്പൊടിയിലേക്ക് ചൂടുവെള്ളം ചേര്‍ത്താണ്. പിന്നീട് ഇത് മറ്റൊരു പാത്രത്തിലേക്ക് പകര്‍ത്തും.


ആരോഗ്യത്തിലും മുന്നില്‍

'യൂറോപ്യൻ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നതുപ്രകാരം, സാധാരണ കോഫിയെക്കാള്‍ ആരോഗ്യകരമാണ് ഫില്‍റ്റര്‍ കോഫി. അണ്‍ഫില്‍റ്റേഡ് ആയ കോഫി കുടിയ്ക്കുന്നത് കൊളസ്‌ട്രോളും ഹൃദയത്തിന് തകരാറുകളുമുണ്ടാക്കുന്ന പല വസ്തുക്കളും നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടും. ഇത്തരം പദാര്‍ഥങ്ങള്‍ ഫില്‍റ്റേഡ് കോഫിയില്‍ നീക്കം ചെയ്യപ്പെടുന്നതിനാലാണ് ഇത് ആരോഗ്യപൂര്‍ണ്ണമാണെന്ന് പറയുന്നത്. എന്നാല്‍, മറ്റെല്ലാ ഭക്ഷ്യവസ്തുക്കള്‍ പോലെതന്നെ, മിതമായ തോതില്‍ മാത്രമേ ഫില്‍റ്റര്‍ കോഫിയും കുടിയ്ക്കാവൂ.


ചില പൊടിക്കൈകള്‍

ഫില്‍റ്റര്‍ കോഫി ഉണ്ടാക്കുന്നതിനായി ചിലര്‍ കോഫി ഇന്‍ഫ്യൂഷന്‍ തയ്യാറാക്കി തലേന്ന് രാത്രി വെയ്ക്കാറുണ്ട്. നല്ല സ്വാദോടെ പിറ്റേന്ന് രാവിലെ കോഫി ഉണ്ടാക്കിയെടുക്കാന്‍ പറ്റിയ മാര്‍ഗമാണിത്. കാപ്പിക്കുരു വെള്ളത്തില്‍ മുക്കിവെച്ച് അതിന്റെ സ്വാദും മണവുമെല്ലാം വേര്‍തിരിച്ചെടുക്കുന്നതിനെയാണ് കോഫി ഇന്‍ഫ്യൂഷന്‍ എന്നു പറയുന്നത്. ഈ ഇന്‍ഫ്യൂഷന്‍ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുമാവും.

അധികം കുറുകിപ്പോകാതെയും ഒഴുക്കില്ലാതെയും കൃത്യ അളവില്‍ കോഫിയില്‍ പാല് ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. കാപ്പിപ്പൊടി, പാല്‍, പഞ്ചസാര എന്നീ ചേരുവകള്‍ ഉപയോഗിച്ചാണ് മിക്കവരും ദക്ഷിണേന്ത്യന്‍ കോഫി തയ്യാറാക്കുന്നത്.

ഒരിക്കലും പാലും കാപ്പിപ്പൊടിയും ഒന്നിച്ച് തിളപ്പിക്കരുത്. ഇത് കാപ്പിയുടെ രുചിയെ ബാധിക്കും. പാല്‍ പ്രത്യേകം തിളപ്പിച്ചതിനുശേഷം അതിലേക്ക് പൊടി ചേര്‍ക്കുക. പിന്നീട്, പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക.


അല്പം പതഞ്ഞ കാപ്പിയാണ് മിക്കവര്‍ക്കുമിഷ്ടം. എന്നാല്‍, ഫ്രോതര്‍ ഉപയോഗിച്ച് കൃത്രിമമായി പത ഉണ്ടാക്കാതെ, രണ്ട് ഗ്ലാസുകളില്‍ മാറിമാറി കോഫി പകര്‍ത്തി പതയുണ്ടാക്കുക. ഇത് കോഫിയുടെ മുകളില്‍ ഒരു ക്രീമി ലെയര്‍ ഉണ്ടാക്കും.

Tags