കുട്ടികളിലെ രക്താര്‍ബുദവും ലക്ഷണങ്ങളും

google news
blood cancer

ശരീരത്തില്‍ രക്തം നിര്‍മിക്കപ്പെടുന്ന മജ്ജ, ലിംഫാറ്റിക് സംവിധാനം എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് രക്താര്‍ബുദം അഥവാ ലുക്കീമിയ. ശരീരത്തിലെ അണുബാധകളോട് പൊരുതുന്ന ശ്വേത രക്തകോശങ്ങളുടെ ഉത്പാദനം അമിതമായി നടക്കുന്നതാണ് രക്താര്‍ബുദത്തിലേക്ക് നയിക്കുന്നത്. രക്താര്‍ബുദം പലതരത്തിലുണ്ട്. ഹ്രസ്വകാലം കൊണ്ട് ശരീരത്തില്‍ വളരുന്ന അക്യൂട്ട് ലുക്കീമിയ ആണ് കുട്ടികളില്‍ സാധാരണ കാണപ്പെടുന്നത്. 

നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ ഈ അര്‍ബുദം ഇല്ലായ്മ ചെയ്യാനും കുട്ടികള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും. 85 ശതമാനത്തിലധികം കുട്ടികള്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്യാറുണ്ടെന്ന് ജയ്പൂര്‍ മണിപ്പാല്‍ ആശുപത്രിയിലെ പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ രാഹുല്‍ ശര്‍മ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  ഇനി പറയുന്നവയാണ് കുട്ടികളിലെ രക്താര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. 

1. വിട്ടുമാറാത്ത പനിയും അണുബാധയും

ഇടയ്ക്കിടെ ഉണ്ടാകുന്ന പനിയും അണുബാധയും ആന്‍റിബയോട്ടിക് മരുന്നുകളോട് പ്രതികരിക്കാത്ത രോഗാവസ്ഥയുമെല്ലാം രക്താര്‍ബുദത്തിന്‍റെ സൂചനകളാണ്. 

2. എപ്പോഴും ക്ഷീണം

പ്രത്യേകിച്ച് കാരണമില്ലാത്ത എപ്പോഴും ക്ഷീണവും തലകറക്കവും തോന്നുന്നതും രക്താര്‍ബുദ ലക്ഷണങ്ങളില്‍ ഒന്നാണ്. 

3. ലിംഫ് നോഡുകള്‍ വീര്‍ത്തിരിക്കല്‍

ലിംഫ് നോഡുകളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും രക്താര്‍ബുദ ലക്ഷണമാണ്. ലിംഫ് നോഡുകള്‍ ശരീരത്തില്‍  ഉടനീളമുണ്ടെങ്കിലും പ്രധാനമായും താടിയിലും കഴുത്തിലും കക്ഷത്തിലും ചെവിക്ക് പുറകിലുമൊക്കെ ഈ നീര്‍ക്കെട്ട് ദൃശ്യമാകാം.   

4. കരളും പ്ലീഹയും വീര്‍ത്തിരിക്കല്‍

ലുക്കീമിയയുടെ ഫലമായി കരളും പ്ലീഹയും വീര്‍ത്തിരിക്കാനും സാധ്യതയുണ്ട്. 

5. രക്തസ്രാവം

രക്തക്കുഴലുകള്‍ പൊട്ടി മൂക്കില്‍ നിന്നുള്‍പ്പെടെ രക്തമൊഴുകുന്നതും രക്താര്‍ബുദ ലക്ഷണമാണ്. ചര്‍മത്തില്‍ ചുവന്ന പാടുകളും ഇതിന്‍റെ ഫലമായി ഉണ്ടാകാം. 

6. ഭാരനഷ്ടം

വിശദീകരിക്കാനാവാത്ത ഭാരനഷ്ടം രക്താര്‍ബുദം ഉള്‍പ്പെടെ പല രോഗങ്ങളുടെയും മുന്നറിയിപ്പാണ്. ഇതിനാല്‍ പ്രത്യേകിച്ച് കാരണമില്ലാത്ത ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി ഡോക്ടറെ കാണേണ്ടതാണ്.

Tags