ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കാൻ കഴിയില്ലെന്ന് ഗുലാബ് നബി ആസാദ്

gulam nabi
 

ശ്രീന​ഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയുന്നതല്ലെന്ന് കോൺ‍​ഗ്രസ് വിട്ട മുൻ രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്. അത്തരം വാഗ്ദാനം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കശ്മീരിലെ ബാരാമുല്ലയില്‍ നടന്ന പൊതുപരിപാടിയിലാണ് ഗുലാം നബി ആസാദ് നിലപാട് വ്യക്തമാക്കിയത്.

ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മാ​ണെ​ന്നും ആ​സാ​ദ് പ​റ​ഞ്ഞു. പ്ര​ത്യേ​ക പ​ദ​വി​യു​ടെ പേ​രി​ൽ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കി​ല്ല​ന്നും ജ​ന​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യാ​ൻ മ​റ്റ്‌ പാ​ർ​ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല​ന്നും ആ​സാ​ദ്‌ വ്യ​ക്ത​മാ​ക്കി.

“എനിക്കോ, കോൺഗ്രസിനോ, ശരദ് പവാറിനോ, മമത ബാനർജിക്കോ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഓരോ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയത്തിൻ്റെ പടുകുഴിയിൽ വീഴുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാനും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- ആസാദ് പറഞ്ഞു.

കോ​ൺ​ഗ്ര​സ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ടി​ക​ൾ പ്ര​ത്യേ​കാ​ധി​കാ​രം പു​നഃ​സ്ഥാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രി​ക്കെ​യാ​ണ്‌ ആ​സാ​ദ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ പാ​ര്‍​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം പ​ത്ത് ദി​വ​സ​ത്തി​ന​ക​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

   
ഭരണഘടനയിലെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്നതും, ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35 എ വകുപ്പ് പ്രകാരം പ്രത്യേക അവകാശം നൽകുന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് റദ്ദാക്കിയത്.