ബൈക്കിന്‍റെ താക്കോലിനായി തർക്കം; മകന്‍റെ കൈ വെട്ടിമാറ്റി പിതാവ്, ചോര വാർന്ന് യുവാവ് മരിച്ചു

Man dies after father chop his hand with an axe in fight over bike key
 

ഭോപ്പാല്‍: മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകന്‍റെ കൈ വെട്ടിമാറ്റിതിനെ തുടർന്ന് മകന്‍ മരിച്ചു. സന്തോഷ് പട്ടേല്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് ചോരവാർന്ന് ദാരുണാന്ത്യം സംഭവിച്ചത്. 

മധ്യപ്രദേശിലെ ദമോഹിലാണ് സംഭവം. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് മോത്തി പട്ടേല്‍ (51), ജ്യേഷ്ഠസഹോദരന്‍ രാം കിഷന്‍ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വീട്ടില്‍നിന്ന് പുറത്തു പോകാനായി മോത്തി പട്ടേലും മൂത്ത മകൻ രാം കിസാനും സന്തോഷ് പട്ടേലിനോട് മോട്ടോർ സൈക്കിളിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ സന്തോഷ് താക്കോൽ നൽകാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവ് കുമാർ സിംഗ് പറഞ്ഞു.
 


തർക്കം രൂക്ഷമായതോടെ മോത്തിയും രാം കിസാനും അവനെ ആക്രമിച്ചു. മോത്തി സന്തോഷിന്റെ ഇടതുകൈ മരത്തടിയിൽ വെച്ച് കോടാലി കൊണ്ട് വെട്ടി മാറ്റിയ ശേഷം കോടാലിയും മകന്റെ അറുത്തുമാറ്റിയ കൈയുമായി ജറാത്ത് പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി. സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസ് സംഘം  സന്തോഷിനെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ വിദ​ഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചു. 


 പക്ഷെ മുറിവില്‍ നിന്ന് വളരെയേറെ രക്തം നഷ്ടമായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സന്തോഷ് മരിക്കുകയായിരുന്നു.