മംഗലൂരു സ്‌ഫോടനം ; 18 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

nia
മംഗലൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 സ്ഥലങ്ങളില്‍ എന്‍ഐഎയുടേയും പൊലീസിന്റേയും റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന.മൈസൂരുവിലും മംഗളൂരുവിലുമാണ് റെയ്ഡ്. കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗലൂരുവിലെത്തി. ഇവര്‍ ഇന്ന് സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കും.

 കഴിഞ്ഞ ദിവസം ഷാരിഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സ്‌ഫോടനത്തിന് മുന്നോടിയായി ഷാരിഖും സംഘവും ശിവമോഗയില്‍ റിഹേഴ്‌സല്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശിവമോഗയിലെ തുംഗ നദിക്കരയില്‍ വെച്ചാണ് ഇവര്‍ പരിശീലന സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഓണ്‍ലൈന്‍ ആയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.