വിമാനയാത്രക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായിയെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍

air india
 

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് അതിക്രമം നടത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. മുംബൈ സ്വദേശിയായ വ്യവസായി ശേഖര്‍ മിശ്ര(50) ആണ് യാത്രക്കാരിയ്ക്ക് നേരെ അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കര്‍ണാടക സ്വദേശിനിയായ യാത്രക്കാരിയ്ക്കാണ് എയര്‍ഇന്ത്യ വിമാനത്തില്‍ ദുരനുഭവം ഉണ്ടായത്. നവംബറില്‍ ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചായിരുന്നു സംഭവം.

യാത്രക്കാരന്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീ യാത്രക്കാരിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. സഹയാത്രികന്‍ തന്റെ സീറ്റിനടുത്തേക്ക് നടന്ന് വരികയും ദേഹത്തേക്ക് മൂത്രം ഒഴിക്കുകയും ആയിരുന്നുവെന്നും തന്റെ വസ്ത്രത്തിലും ഷൂസിലും ബാഗിലും മൂത്രമായിയെന്നും യാത്രക്കാരി പറയുന്നു. താന്‍ ശബ്ദമുണ്ടാക്കിയതിന് പിന്നാലെയാണ് ഇയാള്‍ സീറ്റിനടുത്ത് നിന്ന് മാറാന്‍ പോലും തയ്യാറായതെന്നും പരാതിക്കാരി വെളിപ്പെടുത്തി. എന്നാല്‍ ക്യാബിന്‍ ക്രൂവിന് പരാതി നല്‍കിയെങ്കിലും മോശമായി പെരുമാറിയ ആള്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം മറ്റൊന്നും സംഭവിക്കാതെ പുറത്ത് പോയെന്നും പരാതിക്കാരി പറഞ്ഞു.

സംഭവത്തില്‍ എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. ബിസിനസ് ക്ലാസ് യാത്രക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. തുടര്‍ന്ന് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യ നടപടി ആരംഭിച്ചത്.