'വധഗൂഢാലോചന അറിയില്ലായിരുന്നു; ഗാ​ന്ധി കു​ടും​ബ​ത്തെ കാ​ണാ​ൻ മ​ടി​യു​ണ്ട്'; ജയിൽ മോചനത്തിൽ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി

Nalini thanks to Govt after the release from Jail in Rajiv Gandhi Murder case
 

ചെന്നൈ: രാജീവ് ​ഗാ​ന്ധി വധക്കേസിൽ ജയിൽ മോചിതയായതിന് പിന്നാലെ സർക്കാരുകൾക്ക് നന്ദി പറഞ്ഞ് നളിനി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നളിനി നന്ദി പറഞ്ഞു. ഇന്നലെയാണ് രാജീവ് ഗാന്ധി വധക്കേസിൽ നളിനി ജയിൽ മോചിതയായത്.  വിട്ടയക്കാൻ പ്രമേയം പാസാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും നളിനി നന്ദി അറിയിച്ചു. 

മോ​ചി​ത​യാകു​മെ​ന്ന് യാ​തൊ​രു പ്ര​തീ​ക്ഷ​യു​മി​ല്ലാ​യി​രു​ന്നു. ഗാ​ന്ധി കു​ടും​ബ​ത്തോ​ട് ന​ന്ദി​യു​ണ്ട്. ഗാ​ന്ധി കു​ടും​ബ​ത്തെ കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​യാ​ൽ കാ​ണ​ണ​മെ​ന്നു​ണ്ട്. അ​തി​ന് സാ​ധ്യ​ത​യു​ണ്ടോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ൽ ഗാ​ന്ധി കു​ടും​ബ​ത്തെ കാ​ണാ​ൻ ത​നി​ക്ക് മ​ടി​യു​ണ്ടെ​ന്നും ന​ളി​നി പ​റ​ഞ്ഞു.

ഇ​നി സ്വന്തം കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം വ​ള​രെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വി​ന് എ​വി​ടെ താ​മ​സി​ക്കാ​നാ​ണോ ഇ​ഷ്ടം മ​ക​ളു​മാ​യി അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കും. യുകെയിൽ ഉള്ള മകളെ കാണാൻ പോകണമെന്നുണ്ട്. മകൾ ഗ്രീൻ കാർഡ് ഹോൾഡറാണ്. താനും മുരുകനും ഒപ്പമുണ്ടാകണമെന്നാണ് മകളുടെ ആഗ്രഹം. അതിനാൽ എമർജൻസി വീസയും പാസ്പോർട്ടും കിട്ടാൻ ശ്രമിക്കുന്നുണ്ടെന്നും നളിനി പറഞ്ഞു. 

എന്നാൽ എൽടിടിഇ നേതാവ് വേലുപ്പിള്ളി പ്രഭാകരൻ വധത്തെപ്പറ്റി പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു. ഭാവിയെപ്പറ്റി വലിയ പദ്ധതികളില്ലെന്നും, കുടുംബത്തോടൊപ്പം സമാധാനമായി ജീവിക്കണമെന്നും നളിനി കൂട്ടിച്ചേ‍ർത്തു.

രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇവരെ മോചിപ്പിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പടെ ആറ് പ്രതികളെയും മോചിപ്പിക്കാന്‍ ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാന്‍ കഴിഞ്ഞ മേയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പേരറിവാളന്‍റെ ഉത്തരവ് മറ്റ് പ്രതികള്‍ക്കും ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.