വളര്‍ത്തുപൂച്ചയെ മോഷ്ടിച്ചെന്ന് സംശയം, അയല്‍ക്കാരന്റെ 30 പ്രാവുകളെ യുവാവ് വിഷം കൊടുത്ത് കൊന്നു

dove and cat
 

ഷാജഹാന്‍പൂര്‍: വളര്‍ത്തുപൂച്ചയെ മോഷ്ടിച്ചെന്ന സംശത്തില്‍ അയല്‍ക്കാരന്റെ 30 പ്രാവുകളെ യുവാവ് വിഷം കൊടുത്ത് കൊന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉത്തര്‍ പ്രദേശിലെ താന സദര്‍ ബസാറിലാണ് ദാരുണമായ സംഭവം നടന്നത്. താന സദര്‍ ബസാറിലെ മൊഹല്ല അമന്‍സായില്‍ താമസിക്കുന്ന ആബിദ് എന്ന യുവാവാണ് തന്റെ അയല്‍വാസിയായ അലിയുടെ പ്രാവുകളെ  കൊന്നൊടുക്കിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ആബിദിന്റെ വളര്‍ത്തു പൂച്ചയെ അടുത്തിടെ കാണാതായിരുന്നു. പൂച്ചയെ അലി കൊലപ്പെടുത്തിയെന്ന് കരുതിയ ആബിദ് ഇതിന്റെ പ്രതികാരമായിട്ടാണ് പ്രാവുകള്‍ക്ക് വിഷം കൊടുത്തത്. പക്ഷി സ്‌നേഹിയായ അലിയുടെ വീട്ടില്‍ 78 ഓളം പ്രാവുകളുണ്ട്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്. നിരവധി പ്രാവുകള്‍ ഗുരുതരാവസ്ഥയിലാണ്. 

അതേസമയം, പ്രാവുകള്‍ പെട്ടന്ന് കൂട്ടത്തോടെ ചത്തതില്‍ സംശയം തോന്നിയ അലി തീറ്റ പരിശോധിച്ചപ്പോഴാണ് വിഷം കലര്‍ന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാവുകള്‍ക്കുള്ള തീറ്റയില്‍ ആബിദ് വിഷം കലര്‍ത്തിയതായി കണ്ടെത്തിയത്. ചത്ത പ്രാവുകളെ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി  അഡീഷണല്‍ പൊലീസ് സൂപ്രണ്ട്  സഞ്ജയ് കുമാര്‍ പറഞ്ഞു. അതിനിടെ അലിയുടെ കാണാതായ പൂച്ച തിരിച്ചെത്തി.