കനത്തമഴയിൽ മതില്‍ തകര്‍ന്നുവീണു ; 12 മരണം

wall collpased in up
 ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടർന്ന് വിവിധ ഇടങ്ങളിലായി മതില്‍ തകര്‍ന്നു വീണ് 12 മരണം. ലഖ്നൗവില്‍ 9 ഉം ഉന്നാവോയില്‍ 3 പേരുമാണ് ഇതേതുടർന്ന് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലഖ്നൗവിലെ ദില്‍കുഷ മേഖലയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഉത്തര്‍പ്രദേശിലെ ഉന്നാവ്ലും ഇന്നലെ രാത്രിയുണ്ടായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. 


അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അറിയിച്ചു.