കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

covid death
 


ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാ​ഗ്രതാ നിർദേശം. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിം​ഗ്, ചികിത്സ, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. 

  
'മഹാമാരി വ്യാപനം സൂചിപ്പിച്ച് ചുരുക്കം ചില സംസ്ഥാനങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അണുബാധയ്ക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട സമീപനം പിന്തുടരേണ്ടതുണ്ട്' കത്തില്‍ പറയുന്നു.

‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം.’– ആരോഗ്യ സെക്രട്ടറി കത്തിൽ പറഞ്ഞു.

രാജ്യത്ത് ഇന്ന് പുതിയതായി 426 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ ഉൾപ്പെട്ട കത്ത് കൈമാറിയിരിക്കുന്നത്. പുതിയ കൊവിഡ് കണക്കുകൾ കൂടി വന്നതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4623 ആയി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12-നാണ് ഇതിന് മുമ്പ് 700 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സൂക്ഷമമായി കോവിഡ് സ്ഥിതിഗതികള്‍ പരിശോധിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേന്ദ്രം കത്തില്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.