പൊലീസിനെ വട്ടംകറക്കി 37 ദിവസം, ഒളിത്താവളങ്ങള്‍ മാറ്റി, ഒടുവില്‍ അമൃത്പാല്‍ സിങ് കീഴടങ്ങി

google news
പൊലീസിനെ വട്ടംകറക്കി 37 ദിവസം, ഒളിത്താവളങ്ങള്‍ മാറ്റി, ഒടുവില്‍ അമൃത്പാല്‍ സിങ് കീഴടങ്ങി

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിങ്ങിനെ  ഞായറാഴ്ച രാവിലെ പഞ്ചാബ് പോലീസ്   അറസ്റ്റ് ചെയ്തു. രാവിലെ 7 മണിക്കാണ് കീഴടങ്ങുന്ന വിവരം പൊലീസിനെ ഫോണില്‍ അറിയിച്ചത്. തുടര്‍ന്ന്, പിന്നീട് അമൃത്പാലിനെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി.


 

പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയില്‍ സിഖ് സംഗത്തിനു ശേഷമാണ് 'വാരിസ് പഞ്ചാബ് ദേ' തലവന്‍ പൊലീസില്‍ കീഴടങ്ങിയത്.

ഖലിസ്ഥാന്‍ വാദി ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ ജന്മനാടാണ് മോഗ. ശനിയാഴ്ച രാത്രിയാണ് അമൃത്പാല്‍ ഇവിടേക്ക് എത്തിയത്. ഗുരുദ്വാരയിലെ ആളുകളെ അമൃത്പാല്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാര്‍ച്ച് 18നാണ് അമൃത്പാല്‍ ഒളിവില്‍ പോയത്. വേഷം മാറിയും വാഹനം മാറ്റിയും പൊലീസിനെ വെട്ടിച്ച് പലയിടത്തായി താമസിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അമൃത്പാല്‍ ഒളിത്താവളം മാറ്റുകയായിരുന്നു.


 

രണ്ട് തവണ വിഡിയോ സന്ദേശത്തിലൂടെ ഖലിസ്ഥാന്‍ അനുയായികളെ അഭിസംബോധന ചെയ്യുകയും സിഖ് വിശ്വാസികളുടെ യോഗം ചേരാന്‍ ഉന്നത സിഖ് സംഘടനയായ അകാല്‍ തഖ്ത് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

അമൃത്പാലിനായുള്ള അന്വേഷണത്തിനിടെ പപല്‍പ്രീത് ഉള്‍പ്പെടെ എട്ട് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ അമൃത്പാലിനെ സഹായിച്ചവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Tags