സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂ​ന്നാം നാ​ള്‍ ബി​ഹാ​ര്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​ച്ചു

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂ​ന്നാം നാ​ള്‍ ബി​ഹാ​ര്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​ച്ചു

പാട്‌ന: ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരി രാജിവച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസമാണ് രാജി. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ മെവാലാല്‍ ചൗധരിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

ജെ.ഡി.യു അംഗമായ മേവാലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുകയും ചെയ്തു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതില്‍ ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവാലാലിനെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍. സംഭവത്തില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മേവാലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു.

ദേ​ശീ​യ ഗാ​ന​ത്തി​ന്‍റെ വ​രി​ക​ള്‍ തെ​റ്റി​ച്ചു പാ​ടി​യെ​ന്ന വി​വാ​ദ​ത്തി​ലും അ​ടു​ത്തി​ടെ അ​ദ്ദേ​ഹം പെ​ട്ടി​രു​ന്നു. 2019-ല്‍ ​ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ഭാ​ര്യ മ​രി​ച്ച കേ​സി​ലും ചൗ​ധ​രി​യു​ടെ പേ​ര് ഉ​യ​ര്‍​ന്ന് വ​ന്നി​രു​ന്നു.