ന്യൂഡൽഹി : ഈ ആഴ്ച അവസാനത്തോടെ ലോക്സഭാ തിരഞ്ഞൈടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രഥമ പട്ടിക ബിജെപി പുറത്തുവിട്ടേക്കും. പ്രഥമ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പടെ പ്രമുഖരുടെ പേരുകൾ ഇടംപിടിക്കും. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായുള്ള ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ മാരത്തോൺ യോഗം വെള്ളിയാഴ്ച പൂർത്തിയായിരുന്നു.
സ്ഥാനാർഥിപ്പട്ടിക നേരത്തേ പ്രഖ്യാപിക്കുന്നത് സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതിയായ സമയം കണ്ടെത്താൻ സഹായിക്കും എന്നുകണ്ടാണ് ഈ ആഴ്ച തന്നെ പട്ടിക പ്രഖ്യാപിക്കുന്നത്. സമാനമായ തന്ത്രം മധ്യപ്രദേശിൽ കഴിഞ്ഞ തവണ ബിജെപി സ്വീകരിച്ചിരുന്നുവെന്നും അത് വിജയിച്ചുവെന്നുമാണ് വിലയിരുത്തുന്നത്.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ ഉത്തർപ്രദേശിലെ അമ്പതുസീറ്റുകൾ സംബന്ധിച്ച ചർച്ചയാണ് നടന്നതെന്ന് പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. പകുതിയോളം സീറ്റുകളിൽ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദളിന് രണ്ടുസീറ്റ്, രാഷ്ട്രീയ ലോക് ദളിന് രണ്ടുസീറ്റ്, ഓം പ്രകാശ് രാജ്ഭറിന്റെ എസ്പിബിഎസ്പിക്ക് ഒരു സീറ്റ്, സഞ്ജയ് നിഷാദിന്റെ ഒരു സീറ്റ് എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചിരിക്കുന്നത്.
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി നേതാവ് പ്രഹ്ളാദ് പട്ടേൽ, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വിഡി ശർമ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. മധ്യപ്രദേശിലെ 29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ചും ചർച്ച ചെയ്തതായാണ് വിവരം. തെലങ്കാനയിലെ നാല്–അഞ്ച് സീറ്റുകളിലേക്കുള്ള ചർച്ചയും നടന്നു. സിറ്റിംഗ് എംപിമാരായ ജി.കിഷൻ റെഡ്ഡി, ബണ്ടി സജ്ഞയ് കുമാർ, അരവിന്ദ് ധർമപുരി എന്നിവർ ഇത്തവണയും മത്സരിച്ചേക്കും.
തന്നെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ഗൗതം ഗംഭീറിന്റെ ആവശ്യം പുറത്തുവന്നതോടെ കിഴക്കൻ ഡൽഹി ലോക്സഭാ മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെ നിർത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത്തവണ എൻഡിഎ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അതിൽ 370 സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനാകുമെന്നാണ് നേതാക്കൾ കണക്കുകൂട്ടുന്നത്.