ബ്രിജ് ഭൂഷണെ 21നകം അറസ്റ്റ് ചെയ്യണം ; മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ

google news
wrestlers

ന്യൂഡൽഹി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരണിനെതിരെ ഡൽഹിയിൽ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം. താരങ്ങളെ പിന്തുണച്ച് നിരവധി ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. വൈകിട്ട് 7ന് നടന്ന മെഴുകുതിരി പ്രതിഷേധത്തിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ പങ്കാളികളായി. ജന്തർ മന്തറിൽ താരങ്ങളുടെ സമരം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പ്രതിഷേധം കൂടുതൽ വ്യാപിക്കുന്നത്.

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്തറിൽ ഖാപ്പ് മഹാ പഞ്ചായത്തും സംഘടിപ്പിച്ചു. രണ്ടാഴ്ചത്തെ അന്ത്യശാസനമാണ് ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനും ഗുസ്തി താരങ്ങളും പിന്തുണച്ചെത്തിയ വിവിധ സംഘടനകളും നൽകുന്നത്. ഈമാസം 21നകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ്യ തലസ്ഥാനം സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഖാപ് നേതാക്കളുടെയും കർഷക സംഘടനകളുടെയും ശക്തമായ പിന്തുണ താരങ്ങൾക്കുണ്ട്.

മേയ് 21നുള്ളിൽ ബ്രിജ്ഭൂഷൻ ശരണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് ഗുസ്തി താരങ്ങൾ രൂപീകരിച്ച 32 അംഗ കമ്മിറ്റിയാണ് മുന്നറിയിപ്പു നൽകിയത്. സമരത്തിന്റെ ഭാവി തീരുമാനിക്കാൻ 2 പ്രത്യേക സമിതികൾക്കു താരങ്ങൾ രൂപം നൽകിയിരുന്നു. ഒരു സമിതിയിൽ 32 പേരും മറ്റൊന്നിൽ 9 പേരുമാണുള്ളത്. ഇവരുടെ തീരുമാനപ്രകാരമായിരിക്കും തുടർ നടപടികളെന്നു ഗുസ്തി താരം ബജ്‍രംഗ് പുനിയ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് 32 അംഗ കമ്മിറ്റി ബ്രിജ്ഭൂഷനെ 21നകം അറസ്റ്റ് ചെയ്യണമെന്ന് അന്ത്യശാസനം നൽകിയത്.

ശനിയാഴ്ച നടന്ന ഡൽഹി–ബാംഗ്ലൂർ ഐപിഎൽ മത്സരത്തിനിടെ ഗാലറിയിലും താരങ്ങൾക്ക് അനുകൂലമായി പ്രതിഷേധ മുദ്രവാക്യങ്ങളുയർന്നിരുന്നു. അതിനിടെ, ബ്രിജ്ഭൂഷനെതിരായ കേസിൽ ഇതുവരെ ഡൽഹി പൊലീസ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു സാക്ഷി മാലിക് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെടുകയാണെങ്കിൽ ചർച്ചയ്ക്കു തയാറാകുമെന്നും അവർ അറിയിച്ചു.

Tags