കൊൽക്കത്ത: ഒഡീഷയിലെ ബലസോറിൽ നിന്ന് ട്രെയിൻ ദുരന്തത്തിൽ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്.
വെള്ളിയാഴ്ച ഒഡീഷയിലെ ബലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യാത്രക്കാരുമായി പോയ ബസ് പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് വീണ്ടും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
പരിക്കേറ്റവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളിൽ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
Read more: ഒഡിഷ ട്രെയിൻ ദുരന്തം: മരണം 288 ആയി; ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ അതേ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഇടിച്ചു. തുടർന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഇതുവരെ 288പേരുടെ മരണം സ്ഥിരീകരിച്ചു. 1000ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്ത് യാത്ര ചെയ്തത് 2296 പേരാണ്. കോറമാണ്ഡൽ എക്സ്പ്രസിൽ 1257 പേരും യശ്വന്ത്പൂർ എക്സ്പ്രസിൽ 1039 പേരുമാണ് റിസർവ് ചെയ്തത്. 23 കോച്ചുകാണ് പാളം തെറ്റിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam