ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതിൽ വിലകുറച്ച് കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത്.
അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ശതമാനവും വിലകുറച്ചു. കിലോ ലിറ്ററിന് 4,162 രൂപ കുറച്ചതോടെ ഇന്നലെ ഡൽഹിയിലെ വില കിലോ ലിറ്ററിന് 1,01993.17 രൂപയായി.
ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതക സിലിണ്ടറിന് 1755.50 രൂപയാണ് ഇന്നലെ ഡൽഹിയിലെ വില. മുംബൈയിൽ 1708.50 രൂപയും. കഴിഞ്ഞ മാസം 22ന് 39.5 രൂപ കുറച്ചിരുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനു ശേഷം വിമാന ഇന്ധന വില 45 ശതമാനത്തോളമാണ് കുറഞ്ഞത്. 29391.08 രൂപയാണ് കിലോലിറ്ററിന് കുറഞ്ഞത്. നവംബറിൽ 6854.25ഉം ഡിസംബറിൽ 5189.25ഉം കുറഞ്ഞു. നഷ്ടം നികത്താൻ പാടുപെടുന്ന വിമാനക്കമ്പനികൾക്ക് ആശ്വാസകരമാണ് വിലക്കുറവ്.
അതേസമയം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും തുടർച്ചയായ 21ാം മാസത്തിലും വില കുറയ്ക്കാൻ സർക്കാർ തയാറായിട്ടില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസലിന് 89.62 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിലെ ശരാശരി വില കണക്കാക്കി എല്ലാ ദിവസവും എണ്ണവിലയിൽ മാറ്റം വരുത്തുന്നതാണ് എണ്ണക്കമ്പനികളുടെ നയം. എന്നാൽ 2022 ഏപ്രിൽ ആറു മുതൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു