
ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിച്ച ദക്ഷ എന്നു പേരുള്ള പെൺ ചീറ്റയാണ് ഇന്ന് ഉച്ചയോടെ ചത്തത്.
മറ്റു ചീറ്റകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നുണ്ടായ മാരക മുറിവാണു മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. വായു, അഗ്നി എന്നീ പേരുകളുള്ള ആൺ ചീറ്റകൾ അക്രമിച്ചതാണ് മരണകാരണം.
ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമായി കുനോയിലെത്തിച്ച ചീറ്റകളിൽ രണ്ടെണ്ണം നേരത്തെ ചത്തിരുന്നു. മൂന്നുമാസത്തിനിടെ ജീവൻ നഷ്ടമാകുന്ന മൂന്നാമത്തെ ചീറ്റയാണ് ദക്ഷ.
പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്നും നബീബിയയിൽനിന്നും 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ സാഷ എന്ന ചീറ്റ മാർച്ച് 27നും ഉദയ് എന്ന ചീറ്റ ഏപ്രിൽ 23നും ചത്തിരുന്നു.
വൃക്കസംബന്ധമായ രോഗത്തെ തുടർന്നായിരുന്നു സാക്ഷയെന്ന ചീറ്റയുടെ മരണം. മാർച്ചിലായിരുന്നു സംഭവം. ആഫ്രിക്കയിൽ നിന്നെത്തിക്കും മുൻപ് തന്നെ അസുഖബാധിതയായിരുന്നു സാക്ഷ. അതുകൊണ്ട് തന്നെ പരിപാലനത്തിനായി പ്രത്യേക സജ്ജീകരണങ്ങളും ഇന്ത്യയിൽ ഒരുക്കിയിരുന്നു. ഏപ്രിലിലാണ് രണ്ടാമത്തെ ചീറ്റയായ ഉദയ് ചത്തത്. അസുഖം ബാധിച്ച് തന്നെയായിരുന്നു ഉദയുടെയും മരണം. അതേസമയം സിയായ എന്ന ചീറ്റ കഴിഞ്ഞ മാസം നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.