ഭാരത് ജോഡോ യാത്ര കഴിഞ്ഞാല്‍ ‘ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെ’; അടുത്ത യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

bharat jodo yatra
 

കൊല്ലം: ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചു കോണ്‍ഗ്രസ്. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതൽ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക. അടുത്ത വർഷം ആദ്യം യാത്ര തുടങ്ങുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞു. 

കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ഒരാഴ്ച തികയുമ്പോഴാണ് പുതിയ യാത്ര പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറ് ഗുജറാത്ത് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെയാണ് യാത്ര നടത്തുക. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര. 
 
ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും ജയറാം രമേശ് പറഞ്ഞു.  സംസ്ഥാനങ്ങളുടെ നീളം അനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചു. യാത്ര ഗുജറാത്തില്‍ എത്തണമെങ്കില്‍ 90 ദിവസമെടുക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്ര ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അധികം സഞ്ചരിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. കേരളത്തില്‍ 17 ദിവസം ജോഡോ യാത്ര കടന്നുപോകുമ്പോള്‍ അടുത്ത വര്‍ഷം തെര‍ഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ യാത്ര എത്തുന്നില്ല. ഉത്തര്‍പ്രദേശില്‍ ഒരുദിവസം മാത്രമായിരുന്ന യാത്ര, പിന്നീട് അഞ്ച് ദിവസമാക്കി. രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും കടക്കാനാണ് പടിഞ്ഞാറ്-കിഴക്ക് യാത്ര ആസൂത്രണം ചെയ്യുന്നത്.