കോവിഡ് വ്യാപനം: ഭയപ്പെടേണ്ട സാഹചര്യമില്ല, കരുതൽ തുടരണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

mansukh mandaviya
 

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും കരുതൽ തുടർന്നാൽ മതിയെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ അതാതു സമയങ്ങളിൽ പിന്തുടരുന്നതിൽ വിട്ടുവീഴ്ചയരുതെന്നും മന്ത്രി പറഞ്ഞു. 

കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാ​ഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനകം ഇന്ത്യയിൽ പതിനൊന്നോളം ഒമിക്രോൺ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡിസംബർ 24 മുതൽ ജനുവരി മൂന്നുവരെ ഇന്റർനാഷണൽ എയർപോർട്ടുകളിലുൾപ്പെടെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രികരുടെ സാമ്പിളുകളിൽ 124 എണ്ണം പോസിറ്റീവായിരുന്നു. അവയിൽ 40 എണ്ണം XBB വകഭേദം മൂലമായിരുന്നു. പതിനാല് സാമ്പിളുകളിൽ XBB.1 വകഭേദം കണ്ടെത്തി. ഒരൊറ്റ സാമ്പിളിൽ മാത്രമാണ് BF 7.4.1 വകഭേദം കണ്ടെത്തിയത്. BA.5.2, BQ.1.1, BQ.1.1(22), BQ.1.1.5, CH.1.1.1, BB.3, BN.1.2, BN1.3, BY1, BF. തുടങ്ങിയ വകഭേദങ്ങളും കണ്ടെത്തുകയുണ്ടായി.