കൊവിഡ് നിയന്ത്രണം: ഡല്‍ഹിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

delhi covid
 

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ കൊവിഡ്  നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ  സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.  ഡല്‍ഹിയിലെ ജയിലുകളിലും കൊവിഡ് പടരുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നു. 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കൊവിഡ് ബാധിച്ചതായാണ് വിവരം.

തലസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നെങ്കിലും തൊട്ടു പിന്നാലെ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി  നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാൻ ഉത്തരവിട്ടു. പാഴ്സൽ മാത്രമാകും അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദ്ദേശം നല്കി.  സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനും നിർദേശം നല്‍കാനുമായി പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന യോഗം വ്യാഴാഴ്ച്ച ചേരുമെന്നാണ് സൂചന.

രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിൽ 168063 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാൾ 7.5 ശതമാനം കുറവാണിത്. 277 പേർ മരിച്ചു.  പോസിറ്റിവിറ്റി നിരക്കും പത്ത് ശതമാനമായി കുറഞ്ഞു. 

മഹാരാഷ്ട്ര,ഡല്‍ഹി, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ.