×

ഡൽഹി ചലോ മാർച്ച്; കേന്ദ്രസർക്കാറിന്റെ അനുനയ നീക്കം; കർഷകരുടെ യോ​ഗം വിളിച്ചു

google news
FARMERS

ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിന് മുന്നോടിയായി യോഗം വിളിച്ച് കേന്ദ്രസർക്കാറിന്റെ അനുനയ നീക്കം. ചണ്ഡിഗഢിൽ നാളെ അഞ്ചുമണിക്കാണ് യോഗം. കൃഷി മന്ത്രി അർജുൻ മുണ്ട, ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ മോർച്ച (നോൺ- പൊളിറ്റിക്കൽ) കോ- ഓർഡിനേറ്റർ ജഗ്ജിത് സിങ് ദല്ലേവാളിനും കിസാൻ മസ്ദൂർ മോർച്ച കോർഡിനേറ്റർ സർവാൻ സിങ് പന്ദേർക്കും കത്തയച്ചു. ഫെബ്രുവരി 13നാണ് കർഷകരുടെ ഡൽഹി ചലോ മാർച്ച് നിശ്ചയിച്ചിരിക്കുന്നത്.

സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് മാർച്ച് സംഘടിപ്പിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം.

READ ALSO....

അതിനിടെ, മാർച്ച്‌ തടയാൻ നീക്കങ്ങളുമായി ഹരിയാന സർക്കാർ രംഗത്തെത്തി. ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്.എം.എസ്, ഡോംഗിള്‍ സേവനങ്ങൾ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രധാന അതിർത്തികൾ അടയ്ക്കുകയും റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ നിരത്തുകയും ചെയ്തിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക