×

കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് ഇന്ന്; ഡൽഹിയുടെ അതിർത്തികളില്‍ വൻ ഗതാഗതക്കുരുക്ക്

google news
Sb
ന്യൂഡൽഹി∙ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന ‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്തു ഡൽഹിയുടെ അതിർത്തികളിൽ ഉൾപ്പെടെ വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്. വാഹനങ്ങളിൽ ഉൾപ്പടെ കർശന പരിശോധന നടത്തുന്നതിനാൽ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
    
ഇന്നലെ അർധരാത്രി കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തി. പ്രത്യേക കമ്മിറ്റി രൂപീകരിച്ചു കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം തേടാമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. എന്നാൽ മന്ത്രിയുടെ ഉറപ്പുകൾക്കു വ്യക്തതയില്ലെന്നും സമരം തുടരുമെന്നും കർഷകസംഘടന നേതാക്കൾ അറിയിച്ചു. ഏതു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ് ഡൽഹി പൊലീസ്. മൂന്നു വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അതിർത്തികളിൽ ഉൾപ്പെടെ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

 
സിംഘു, തിക്രി, ഗാസിപുർ എന്നീ അതിർത്തികളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ പ്രധാന വഴികളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡിനു പുറമെ മുള്ളുവേലികളും കോൺക്രീറ്റ് സ്ലാബുകളും ഒരുക്കിയാകും പ്രതിഷേധങ്ങളെ തടയുക. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മാർച്ച് കണക്കിലെടുത്ത് ചില സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്നു പൊലീസ് അറിയിച്ചു. 
 
ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ വൻ സാന്നിധ്യവും ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അതിർത്തിയിലെ കടയുടമകൾ. മുൻപ് ഡൽഹിയുടെ അതിർത്തികൾ സംഘർഷഭരിതമാക്കിയ കർഷക സമരം ആവർത്തിക്കുമോയെന്നാണ് വ്യാപാരികളുടെ പേടി. സമരം ശക്തമായാൽ പ്രദേശത്തെ കടകൾ അടച്ചിടേണ്ടിവരുമെന്നു വ്യാപാരികൾ പറയുന്നു.
    
    
സമരം നടത്തുന്ന കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് ആവശ്യപ്പെട്ടു. കർഷക മാർച്ച് തടയാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ അതിരു കടക്കുന്നതായും എഎപി നേതാവ് ആരോപിച്ചു.